തിരുവനന്തപുരം: പിഎസ്‌സി ഉദ്യോഗാര്‍ഥികളുടെ ന്യായമായ ആവശ്യങ്ങള്‍ പരിഗണിക്കേണ്ടതും, അവരോട് സംസാരിക്കേണ്ടതും മുഖ്യമന്ത്രിയാണ്. അതിനു പകരം ചര്‍ച്ച ചെയ്യാന്‍ ഡിവൈഎഫ്‌ഐ നേതാക്കളെയും ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തുന്ന നടപടി ചരിത്രത്തില്‍ കേട്ടുകേള്‍വി ഇല്ലാത്തതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഈ ചര്‍ച്ച നടക്കുന്ന സമയത്ത് പോലും താല്‍ക്കാലിക ജീവനക്കാരെയും കരാറടിസ്ഥാനത്തില്‍ നിയമിച്ച ആളുകളെയും സ്ഥിരപ്പെടുത്താനുള്ള ഫയലുകള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് നിര്‍ബാധം ഒഴുകിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഈ സര്‍ക്കാര്‍ ചെയ്ത ഏറ്റവും വലിയ തെറ്റ് റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി കൊടുത്തില്ല എന്നുള്ളതാണ്. പിന്‍വാതില്‍ നിയമനങ്ങളും,കരാര്‍ നിയമനങ്ങളും വ്യാപകമായും, സൗകര്യപൂര്‍വ്വവും നടത്താനുള്ള അവസരമൊരുക്കാനാണ് സര്‍ക്കാര്‍ റാങ്ക് ലിസ്റ്റ് നീട്ടി കൊടുക്കാതിരിക്കുന്നത്. ചെറുപ്പക്കാര്‍ക്ക് വേണ്ടി നിലകൊള്ളേണ്ടതിന് പകരം സര്‍ക്കാരിന്റെ കുഴലൂത്തുകാരായി മാറുന്ന ഡിവൈഎഫ്‌ഐ നിലപാട് പരിഹാസ്യമാണെന്ന് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ‘തൊഴില്‍ അല്ലെങ്കില്‍ ജയില്‍’ എന്ന മുദ്രാവാക്യം മുഴക്കിയവര്‍ ഇപ്പോള്‍ എവിടെ? ഡിവൈഎഫ്‌ഐയുടെ പല നേതാക്കളുടെയും ഭാര്യമാര്‍ അനധികൃതമായി ജോലി കിട്ടിയവരാണ്. അതുകൊണ്ടാണ് അവരെ ഉദ്യോഗാര്‍ഥികള്‍ വിശ്വാസത്തിലെടുക്കാത്തത്. ഉദ്യോഗാര്‍ഥികളോട് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ അനധികൃതമായി നേടിയ നിയമനങ്ങള്‍ വേണ്ടെന്നുവയ്ക്കാന്‍ ഡിവൈഎഫ്‌ഐ നേതാക്കന്മാര്‍ സ്വന്തക്കാരോട് ആവശ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

The post പിഎസ്‌സി ഉദ്യോഗാര്‍ഥികളുടെ ന്യായമായ ആവശ്യങ്ങള്‍ പരിഗണിക്കേണ്ടതും, അവരോട് സംസാരിക്കേണ്ടതും മുഖ്യമന്ത്രിയാണെന്ന് രമേശ് ചെന്നിത്തല