ദുബായ്: സൗദി അറേബ്യയിലേക്കും കുവൈറ്റിലേയ്ക്കും എത്തുന്നതിന് യുഎഇ വഴി പുറപ്പെട്ട ഒട്ടേറെ മലയാളികളാണ് ദുബായിലും ഷാര്‍ജയിലും കുടുങ്ങിയത്. കൊറോണ വ്യാപന പശ്ചാത്തലത്തില്‍ സൗദിയും കുവൈറ്റും യാത്രാ നിയന്ത്രണം പ്രഖ്യാപിച്ചതോടെയാണിത്. ദിവസങ്ങളായി യുഎഇയില്‍ തങ്ങുന്ന ഇവരോട് തിരിച്ചുപോകാന്‍ യുഎഇയിലെ ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടിരുന്നു.

കുടുങ്ങിയ മലയാളികള്‍ക്ക് കുറഞ്ഞ നിരക്കില്‍ വിമാന യാത്രാ സൗകര്യം ഒരുക്കാമെന്നാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചിരിക്കുന്നത്. 330 ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക് ഈടാക്കുക. 600ഓളം ഇന്ത്യക്കാര്‍ യുഎഇയില്‍ കുടുങ്ങിയിട്ടുണ്ട് എന്നാണ് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ദുബായിലേയും ഷാര്‍ജയിലെയും ഓഫീസുകളില്‍ നിന്ന് ടിക്കറ്റ് ലഭിക്കുമെന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു.