മോസ്‌കോ: റഷ്യയിലെ കുപ്രസിദ്ധ സീരിയല്‍ കില്ലര്‍ എഡ്വേര്‍ഡ് സെലന്‍സേവിക്ക് (51) ജീവപര്യന്തം കഠിന തടവ്. സുഹൃത്തുക്കളായ മൂന്ന് പേരെ മദ്യം നല്‍കി കൊലപ്പെടുത്തിയതിന് ശേഷം ഇവരുടെ മാംസം പാകം ചെയ്ത് കഴിച്ച കേസിലാണ് എഡ്വേര്‍ഡിനെ ജീവപര്യന്തം തടവിന് വിധിച്ചത്. കേസ് പരിഗണിച്ച കീഴ്‌ക്കോടതിയാണ് ആദ്യം ഇയാളെ ജീവപര്യന്തം തടവിന് വിധിച്ചത്. എഡ്വേര്‍ഡിന്റെ അഭിഭാഷകന്‍ റഷ്യയിലെ ഉന്നത കോടതിയെ സമീപിച്ചെങ്കിലും കീഴ്‌ക്കോടതിവിധി മേല്‍ക്കോടതിയും ശരിവെയ്ക്കുകയായിരുന്നു.

റഷ്യയില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു എഡ്വേര്‍ഡിന്റെ കൊലപാതക രീതി. നോര്‍ത്ത്‌വെസ്റ്റ് റഷ്യയിലെ അര്‍ഖാന്‍ഗെല്‍സ്‌ക് സ്വദേശിയായ എഡ്വേര്‍ഡ് 2016 മാര്‍ച്ചിനും 2017 മാര്‍ച്ചിനും ഇടയ്ക്ക് സുഹൃത്തുക്കളെ കൊന്ന് തിന്നുകയായിരുന്നു. വിചാരണ വേളയില്‍ മൂന്ന് പേരേയും കൊന്നതിന് ശേഷം അവരുടെ മാംസം പാകം ചെയ്തു കഴിച്ചു എന്ന് എഡ്വേര്‍ഡ് കോടതിയില്‍ സമ്മതിച്ചിരുന്നു.

59,43,34 എന്നിങ്ങനെ പ്രായമുള്ള പുരുഷന്മാരാണ് എഡ്വേര്‍ഡിന്റെ ഇരകളായത്. ഇവരുടെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. കൊലപാതകം നടത്തിയതിന് ശേഷം ഇവരുടെ ശരീരത്തില്‍ നിന്നും കഴിക്കാന്‍ വേണ്ട ഭാഗങ്ങള്‍ മുറിച്ചെടുക്കുകയായിരുന്നു. ശേഷം ബാക്കി ശരീര ഭാഗങ്ങള്‍ അടുത്തുള്ള കായലില്‍ ഉപേക്ഷിച്ചു. ഇതില്‍ ഒരാളുടെ മാതാപിതാക്കളോട് സുഹൃത്ത് അടുത്ത നഗരത്തില്‍ ജോലിക്ക് പോയെന്നായിരുന്നു എഡ്വേര്‍ഡ് പറഞ്ഞിരുന്നത്. ഇയാളെ കാണാനില്ലെന്ന് മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ അന്വേഷിച്ചെത്തിയ പൊലീസിനോടും എഡ്വേര്‍ഡ് ഇതേ കഥ തന്നെ ആവര്‍ത്തിച്ചു.

ആദ്യ കൊലപാതകത്തില്‍ മാത്രമാണ് കാണാതായെന്ന പരാതിയില്‍ അന്വേഷണമുണ്ടായത്. അന്വേഷിക്കാന്‍ ബന്ധുക്കളോ സുഹൃത്തുക്കളോ ഇല്ലാത്ത രണ്ടുപേരെയാണ് എഡ്വേര്‍ഡ് പിന്നീട് കൊലപാതകത്തിനായി തിരഞ്ഞെടുത്തത്. മൃതദേഹങ്ങള്‍ പിന്നീട് കണ്ടെത്തിയപ്പോള്‍ സമാനമായ രീതിയില്‍ ശരീരത്തിലെ ചില ഭാഗങ്ങള്‍ മുറിച്ചു മാറ്റിയതായി പൊലീസ് ശ്രദ്ധിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന കൊലപാതക പരമ്ബരയുടെ ചുരുളഴിയുന്നത്. തന്റെ താമസസ്ഥലത്തു കൊണ്ടുവന്ന് മദ്യം നല്‍കിയാണ് എഡ്വേര്‍ഡ് കൊലപാതകങ്ങള്‍ നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.

നരഭോജനത്തെ കുറിച്ച്‌ നിയമത്തില്‍ വ്യക്തതയില്ലാത്തതിനാല്‍ കൊലപാതകത്തിനും ഇരകളുടെ മൃതദേഹം ദുരുപയോഗം ചെയ്തതിനുമാണ് എഡ്വേര്‍ഡ് വിചാരണ നേരിട്ടത്. വിചാരണ കാലയളവില്‍ ഇയാളെ മനശാസ്ത്ര പരിശോധനയ്ക്കും വിധേയനാക്കിയിരുന്നു. ചെയ്യുന്ന ക്രൂരതയുടെ വ്യാപ്തി അറിഞ്ഞു തന്നെയാണ് മൂന്ന് കൊലപാതകങ്ങളും എഡ്വേര്‍ഡ് നടത്തിയതെന്നായിരുന്നു മെഡിക്കല്‍ റിപ്പോര്‍ട്ട്. എന്നാല്‍ തന്റെ തലയ്ക്കകത്തു നിന്നും കേട്ട ശബ്ദമാണ് തന്നോട് ഇങ്ങനെ ചെയ്യാന്‍ ആവശ്യപ്പെട്ടതെന്നായിരുന്നു എഡ്വേര്‍ഡിന്റെ വാദം.

തെളിവുകള്‍ പരിശോധിച്ച്‌ വാദം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് റഷ്യന്‍ സുപ്രീംകോടതി എഡ്വേര്‍ഡിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. പരോളില്ലാത്ത ശിക്ഷാകാലയളവാണ് പ്രതിക്ക് വിധിക്കുന്നതെന്നും കോടതി വ്യക്തമാക്കി. മനുഷ്യരെ കൂടാതെ, പൂച്ചകളേയും പട്ടികളേയും പക്ഷികളെയും റോഡില്‍ കാണുന്ന ചെറിയ ജീവികളേയും ഇത്തരത്തില്‍ ഇയാള്‍ കൊന്ന് തിന്നിട്ടുണ്ട്. ‘അര്‍ഖാന്‍ഗെല്‍സ്‌ക് നരഭോജി’ (Arkhangelsk Cannibal) എന്നാണ് എഡ്വേര്‍ഡ് റഷ്യയില്‍ അറിയപ്പെടുന്നത്.