ന്യൂയോർക്ക് ∙ നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (മാഗ്)ന്റെ 2021ലെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് ചുമതലയേറ്റു. വിനോദ് വാസുദേവൻ (പ്രസിഡന്റ്), ജോജി ജോസഫ് (സെക്രട്ടറി), മാത്യു കൂട്ടാളിൽ (ട്രഷറാർ), സൈമൺ വാളാച്ചേരിൽ (വൈസ് പ്രസിഡന്റ്), രാജേഷ് വർഗീസ് (ജോ. സെക്രട്ടറി), രമേശ് അത്തിയോടി (ജോ. ട്രഷറാർ) എന്നിവർ എക്സിക്യൂട്ടീവ് അംഗങ്ങളായും, റനി കവലയിൽ, റജി ജോൺ, ഏബ്രഹാം തോമസ്, ഡോ. ബിജു പിള്ള, റോയ് മാത്യു, ഷാജു തോമസ്, ഷിബി റോയ്, ക്ലാരമ്മ മാത്യൂസ്, സൂര്യജിത്ത് സുഭാഷിതൻ എന്നിവർ ബോർഡ് മെമ്പർമാരായും ഉള്ള ബോർഡ് ഓഫ് ഡയറക്ടേഴ്സ് ആണ് നിലവിൽ വന്നത്.

മാഗ് ആസ്ഥാനമായ കേരളാ ഹൗസിൽ ജനുവരി 17ന് വൈകിട്ട് നാലിന് കൂടിയ വാർഷിക ജനറൽ ബോഡിയിൽ വച്ചാണ് പുതിയ ഭാരവാഹികൾ ചുമതലയേറ്റത്. യോഗത്തിൽ സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ഡോ. സാം ജോസഫ് അധ്യക്ഷത വഹിച്ചു. 2020 ലെ സെക്രട്ടറി മാത്യൂസ് മുണ്ടക്കൽ കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ടും ട്രഷറാർ ജോസ് കെ. ജോൺ വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു.

കോവിഡ് 19 മഹാമാരിക്കിടയിലും, മാഗ് റിക്രിയേഷൻ സെന്റർ പുതുക്കി പണിതത് ഉൾപ്പടെ, ഏതാണ്ട് അൻപതിനായിരം ഡോളറിന്റെ നവീകരണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുവാൻ കഴിഞ്ഞത് വലിയ നേട്ടമായി ജനറൽ ബോഡി വിലയിരുത്തി. വളരെ പ്രതികൂല സാഹചര്യത്തിലും കേരളാ ഹൗസിന്റെ നവീകരണ പ്രവർത്തനങ്ങളും ചാരിറ്റി പ്രവർത്തനങ്ങളും നല്ല രീതിയിൽ നടപ്പിലാക്കാൻ സഹായിച്ച ബോർഡ് ഓഫ് ഡയറക്ടേഴ്സിനും മാഗ് മെമ്പർമാർക്കും ഡോ. സാം ജോസഫ് നന്ദി രേഖപ്പെടുത്തി. മാഗ് റിക്രിയേഷൻ സെന്ററിന്റെ പുനരുദ്ധാരണത്തിന് 30,000 ഡോളർ സംഭാവന നൽകിയ ‌ശശിധരൻ നായരെ അദ്ദേഹം പ്രത്യേകം പ്രശംസിക്കുകയുണ്ടായി.

ചാരിറ്റി പ്രവർത്തനത്തിന്റെ ഭാഗമായി 6,50000 രൂപ മുടക്കി ഒരു കുടുംബത്തിന് വീട് നിർമ്മിച്ചു നൽകിയതുൾപ്പെടെ, ഏതാണ്ട് 20,000 ഡോളറിലധികം കേരളത്തിൽ വിവിധ ചാരിറ്റി പ്രവർത്തനങ്ങൾക്ക് വിനിയോഗിച്ചതായി സാം ജോസഫ് യോഗത്തെ അറിയിച്ചു.

നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനായ മാഗിന്റെ പുതിയ പ്രസിഡന്റ് ആകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അതിന് തന്നെ നിയോഗിച്ച എല്ലാ മാഗ് മെമ്പർമാരോടും നന്ദി രേഖപ്പെടുത്തുന്നതായും പുതിയ പ്രസിഡന്റ് വിനോദ് വാസുദേവൻ പറഞ്ഞു. കഴിഞ്ഞ കുറെ വർഷങ്ങളായി മാഗിൽ നടക്കുന്ന വികസന പ്രവർത്തനങ്ങളുടെ തുടർച്ച ഉണ്ടാകുമെന്നും എല്ലാവരുടെയും പ്രതീക്ഷക്കൊത്ത് പ്രവർത്തിക്കുവാൻ ശ്രമിക്കുമെന്നും അദ്ദേഹം യോഗത്തിന് ഉറപ്പ് നൽകി.

സ്ഥാനമൊഴിയുന്ന ട്രസ്റ്റി ബോർഡ് ചെയർമാൻ തോമസ് ചെറുകര, 2020 ലെ ബോർഡിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും 2021 ലെ പുതിയ ബോർഡിന് അതിലും നന്നായി പ്രവർത്തിക്കുവാൻ കഴിയട്ടെ എന്ന് ആശംസിക്കുകയും ഉണ്ടായി. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട സെക്രട്ടറി ജോജി ജോസഫ്, ജനറൽ ബോഡിയിൽ പങ്കെടുത്തവർക്ക് നന്ദി രേഖപ്പെടുത്തി. യോഗ നടപടികൾ വൈകിട്ട് ഏഴിന് അവസാനിച്ചു.