ജയ്പൂര്‍: പ്രമുഖ ബൈക്കറായ കിങ് റിച്ചാര്‍ഡ് ശ്രീനിവാസന്‍ അപകടത്തില്‍ മരിച്ചു. രാജസ്ഥാനിലെ ജയ്സാല്‍മീര്‍ ജില്ലയില്‍ ഒട്ടകവുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് മരണം.

ഫത്തേഗര്‍ സബ് ഡിവിഷനില്‍ ബുധനാഴ്ച രാത്രിയായിരുന്നു അപകടം. അപ്രതീക്ഷിതമായി ഒരു ഒട്ടകം കിങ് റിച്ചാര്‍ഡിന്‍െറ ബൈക്കിന് മുന്നില്‍ പെടുകയായിരുന്നു.

ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളില്‍നിന്നുള്ള സുഹൃത്തുക്കളും കൂടെ ബൈക്കുകളില്‍ ഉണ്ടായിരുന്നു. ജനുവരി 23ന് യാത്ര ബംഗളൂരുവില്‍ അവസാനിക്കാനിരിക്കെയാണ് അന്ത്യം.

ഏഷ്യ, യൂറോപ്, ആസ്ട്രേലിയ ഭൂഖണ്ഡങ്ങളെല്ലാം തന്‍െറ ടൈഗര്‍ 800 ബൈക്കില്‍ താണ്ടിയിട്ടുണ്ട് ബംഗളൂരുവില്‍നിന്നുള്ള പ്രമുഖ ബൈക്കറായ കിങ് റിച്ചാര്‍ഡ്.