കരിപ്പൂർ വിമാനത്താവളത്തിലെ സിബിഐ റെയ്ഡിൽ ഗുരുതര ക്രമക്കേട് കണ്ടെത്തി. കസ്റ്റംസ് ഉദ്യോഗസ്ഥരിൽ നിന്ന് 2.85 ലക്ഷം രൂപയും സ്വർണവും സിബിഐ പിടിച്ചെടുത്തു.

കസ്റ്റംസിന്റെ ഡ്യൂട്ടി ഓഫീസിൽ നിന്ന് സിബിഐ 650 ഗ്രാം സ്വർണം പിടിച്ചെടുത്തു. യാത്രക്കാരിൽ നിന്ന് സ്വർണവും കറൻസികളും വിദേശ സിഗരറ്റ് പെട്ടികളും സിബിഐ പിടികൂടി. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം പുറത്തുവന്ന യാത്രക്കാരിൽ നിന്നാണ് സ്വർണവും സിഗരറ്റും പിടികൂടിയത്. 25 മണിക്കൂറാണ് സിബിഐ പരിശോധന നീണ്ടുനിന്നത്.

സ്വർണക്കടത്തിന് കസ്റ്റംസ് ഉദ്യോഗസ്ഥർ ഒത്താശ ചെയ്യുന്നുവെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് മിന്നൽ പരിശോധന നടത്തിയത്. കൊച്ചി സിബിഐ യുണിറ്റിലെ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്.

കരിപ്പൂരിൽ അടുത്തിടെ കോടികളുടെ അനധികൃത സ്വർണമാണ് പിടികൂടിയത്. കഴിഞ്ഞ ദിവസങ്ങളിൽ മാത്രം ഒന്നേകാൽ കോടി രൂപയുടെ സ്വർണം പിടികൂടിയിരുന്നു.