എറണാകുളത്ത് ഷിഗല്ല ഭീഷണിയിൽ ഉറവിടം കണ്ടെത്താനാകാതെ ആരോഗ്യവകുപ്പ്. രോഗ ഉറവിടം കണ്ടെത്താനാകാത്തതിൽ ആശങ്ക നിലനിൽക്കുന്നുണ്ട്. പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യവകുപ്പ് ശക്തമാക്കിയിട്ടുണ്ട്. രോഗബാധിത മേഖലകളിൽ മെഡിക്കൽ സംഘം പരിശോധന നടത്തി. ഹോട്ടലുകൾ, വീടുകളിലെ കിണറുകൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന നടത്തിയത്.

എറണാകുളത്ത് രണ്ടിടങ്ങളിലാണ് ഷിഗല്ല റിപ്പോർട്ട് ചെയ്തത്. ചോറ്റാനിക്കരയിലും വാഴക്കുളത്തുമാണ് രോഗബാധ. വാഴക്കുളത്ത് 39കാരനാണ് രോഗം സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ഇദ്ദേഹത്തിന്റെ സാമ്പിളികളുടെ തുടർ പരിശോധന റീജിയണൽ പബ്ലിക്ക് ഹെൽത്ത് ലാബിലും, കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലും നടത്തിയിരുന്നു. തുടർന്ന് രോഗം സ്ഥിരീകരിക്കുകയായിരുന്നു. ചികിത്സയെ തുടർന്ന് ഇദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടു.