മകരസംക്രമ സന്ധ്യയിൽ ശബരിമല അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങളുമായി ഘോഷയാത്ര പന്തളത്ത് നിന്ന് 1 മണിക്ക് പുറപ്പെടും. കൊവിഡ് സാഹചര്യമായതിനാൽ വഴി നീളെയുള്ള തിരുവാഭരണ ദർശനവും മാല ചാർത്തലും ഉണ്ടാവില്ല. ഈ മാസം 14 നാണ് മകരവിളക്ക്.

പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിലെ സുരക്ഷിത മുറിയിൽ സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണങ്ങളാണ് ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻ പിള്ളയുടെ നേതൃത്വത്തിലുള്ള 24 അംഗ സംഘം ശിരസിലേറ്റി കാൽനടയായി ശബരിമലയിൽ എത്തിക്കുന്നത്. 11.45-ന് ആഭരണങ്ങൾ വലിയകോയിക്കൽ ധർമ്മശാസ്താ ക്ഷേത്രത്തിലേക്ക് എഴുന്നെള്ളിക്കും. ഉച്ചയ്ക്ക് 12 മണിയോടെയാണ് ആചാരപരമായ ചടങ്ങുകൾ. 12.55ന് നീരാജനമുഴിഞ്ഞ് തിരുവാഭരണപ്പെട്ടി പുറത്തേക്കെഴുന്നെള്ളിച്ച് ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻ പിള്ള ശിരസിലേറ്റും. പരമ്പരാഗത തിരുവാഭരണ പാതയിലൂടെ കുളനട, ഉള്ളന്നൂർ, ആറന്മുള വഴി അയിരൂർ പുതിയകാവ് ക്ഷേത്രത്തിലെത്തുന്ന സംഘം ആദ്യദിവസം അവിടെ വിശ്രമിക്കും. രണ്ടാം ദിവസം പെരുനാട് വഴി ളാഹ വനംവകുപ്പ് സത്രത്തിലെത്തുന്ന ഘോഷയാത്രാസംഘം അവിടെ തങ്ങും. മൂന്നാം ദിവസമാണ് കാനനപാതയിലൂടെ ഘോഷയാത്ര കടന്നുപോകുന്നത്. പ്ലാപ്പള്ളിയിൽ നിന്നും അട്ടത്തോട് വഴി വലിയാനവട്ടവും ചെറിയാനവട്ടവും കടന്ന് വൈകുന്നേരത്തോടെ സംഘം ശബരിമലയിൽ എത്തിച്ചേരും. തിരുവാഭരണങ്ങൾ വിഗ്രഹത്തിൽ ചാർത്തി ദീപാരാധന നടത്തുമ്പോൾ പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയും. ഘോഷയാത്രയ്‌ക്കൊപ്പം ഈ വർഷം സംഘാംഗങ്ങൾ മാത്രമാണ് ഉണ്ടാവുക. മറ്റ് തീർത്ഥാടകർക്ക് കൊവിഡ് നിയന്ത്രണങ്ങൾ കാരണം വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്