ഹയർസെക്കൻഡറി വിഭാഗത്തിൽ പുതിയ നിയമനങ്ങൾ നടത്താത്തതിൽ പ്രതിഷേധവുമായി റാങ്ക് ഹോൾഡേഴ്‌സ്. കൊവിഡ് പ്രതിസന്ധിയുടെ മറവിൽ നിയമനം അട്ടിമറിക്കുകയാണെന്ന് പ്രതിഷേധക്കാർ. സ്‌കൂൾ തുറന്നില്ല എന്ന കാരണത്താൽ അഡൈ്വസ് ലഭിച്ചവർക്ക് നിയമനം നൽകാത്തത് അനീതിയാണെന്നും പ്രതിഷേധക്കാർ ആരോപിച്ചു.

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നും മുന്നൂറിലധികം റാങ്ക് ഹോൾഡേഴ്‌സാണ് പ്രതിഷേധ സമരവുമായി ഹയർസെക്കൻഡറി ഡയറക്ടറേറ്റിന് മുന്നിൽ തടിച്ച് കൂടിയത്. മിക്ക സ്‌കൂളുകളിലും താത്ക്കാലിക അധ്യാപകരെ നിയമിക്കുമ്പോൾ നിയമന ശുപാർശ ലഭിച്ചിട്ടും അർഹതപ്പെട്ട ജോലി ലഭിക്കാതെ ആയിരങ്ങളാണ് പുറത്ത് നിൽക്കുന്നത്. ഹയർസെക്കൻഡറി അധ്യാപകരാകാൻ പിജി , സെറ്റ്, പിഎച്ച്ഡി യോഗ്യതയുള്ളവർ പുറത്ത് നിൽക്കുമ്പോഴാണ് യോഗ്യതയില്ലാത്തവരെ തിരുകി കയറ്റുന്നത്.