മോശം റഫറിയിങ്ങിനെപ്പറ്റി പരാതി ശക്തമാകുന്ന സാഹചര്യത്തിൽ രണ്ട് റഫറിമാരെ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഐഎസ്എലിൽ നിന്ന് പുറത്താക്കിയതായി റിപ്പോർട്ട്. റഫറിയിങ്ങിനെതിരെ ക്ലബ് പരിശീലകരടക്കം പലതവണ രംഗത്തുവന്ന സാഹചര്യത്തിലാണ് നടപടി. ഇരുവരും പുതുവർഷത്തിൽ ഒരു മത്സരം പോലും നിയന്ത്രിച്ചിട്ടില്ല. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

13 റഫറിമാരുമായാണ് ഐഎസ്എൽ ആരംഭിച്ചത്. ഒരു റഫറിക്ക് പരുക്കേറ്റ് നേരത്തെ പുറത്തായിരുന്നു. ഇത് കൂടാതെയാണ് മറ്റ് രണ്ട് റഫറിമാരെയും പുറത്താക്കിയിരിക്കുന്നത്. റഫറിയിങ്ങിലെ പിഴവുകളുടെ പശ്ചാത്തലത്തിൽ ഇവരിൽ ഒരാളെ മൂന്ന് ആഴ്ചത്തേക്ക് മാറ്റിനിർത്തിയിരുന്നു. എന്നാൽ, തിരികെവന്നിട്ടും പിഴവുകൾ ആവർത്തിച്ചു. മറ്റേ റഫറി തീരെ തയ്യാറെടുത്തല്ല വന്നത്. ചില തീരുമാനങ്ങളും താരങ്ങളെ കൈകാര്യം ചെയ്യുന്ന രീതിയും മോശമായിരുന്നു.

അതേസമയം, ബംഗളൂരു എഫ്സിക്കെതിരായ മത്സരത്തിൽ ഈസ്റ്റ് ബംഗാൾ ക്യാപ്റ്റൻ ഡാനി ഫോക്സിനു ലഭിച്ച ചുവപ്പു കാർഡ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ റദ്ദാക്കി. സംഭവത്തിൻ്റെ വിഡിയോ ദൃശ്യങ്ങൾ പരിശോധിച്ച അധികൃതർ കാർഡ് റഫറിയിങ് പിഴവാണെന്ന് കണ്ടെത്തി. ഇതേ തുടർന്നാണ് ചുവപ്പു കാർഡ് റദ്ദാക്കിയത്.