എറണാകുളത്തെ വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ ഇന്ന് ഗതാഗതത്തിന് തുറന്ന് നല്‍കും. മുഖ്യമന്ത്രി പിണറായി വിജയന്‍ മേല്‍പ്പാലങ്ങളുടെ ഉദ്ഘാടനം വിഡിയോ കോണ്‍ഫ്രന്‍സിംഗ് വഴി നിര്‍വഹിക്കും. ഉദ്ഘാടനത്തിന് മുന്നോടിയായി പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ സന്ദര്‍ശിച്ചിരുന്നു.

രാവിലെ 9.30ന് വൈറ്റിലയിലും, 11ന് കുണ്ടന്നൂരിലും ആണ് ഉദ്ഘാടന ചടങ്ങ്. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ ചടങ്ങില്‍ അധ്യക്ഷനാകും. ധനകാര്യ മന്ത്രി ഡോ.ടി എം തോമസ് ഐസക്കായിരിക്കും മുഖ്യാതിഥി.

അപ്രോച്ച് റോഡ് അടക്കം 717 മീറ്റര്‍ നീളമുള്ള വൈറ്റിലയിലെ മേല്‍പാലത്തിന്റെ നിര്‍മാണം ആരംഭിച്ചത് 2017 ഡിസംബര്‍ 11നാണ്. 34 തൂണുകള്‍, 30 പൈല്‍ ക്യാപ്പുകള്‍, 140 പൈലുകള്‍, 116 ഗര്‍ഡറുകള്‍, 440 മീറ്റര്‍ ദൈര്‍ഘ്യമുള്ള വയഡക്സ്, 30 സ്പാനുകള്‍, 27.2 മീറ്റര്‍ വീതി എന്നിങ്ങനെയാണ് മറ്റ് വിവരങ്ങള്‍. ദേശീയ പാതയില്‍ സാധാരണ ഗതിയില്‍ പോകുന്ന ഏറ്റവും ഉയരം കൂടിയ ട്രെയിലറിന് 4.7 മീറ്റര്‍ ഉയരമാണുള്ളത്. വൈറ്റില മേല്‍പാലവും മെട്രോപാലവും ഇപ്പോള്‍ സ്ഥാപിച്ചിരിക്കുന്നത് 5.5 മീറ്റര്‍ ഉയരത്തിലാണ്. ആകെ 85 കോടി രൂപ ചെലവില്‍ കിഫ്ബിയുടെ ധന സഹായത്തോടെ പിഡബ്ല്യുഡിയുടെ ദേശീയ പാത വിഭാഗത്തിന്റെ മേല്‍ നോട്ടത്തിലാണ് പാലം പണി പൂര്‍ത്തീകരിച്ചത്.

അപ്രോച്ച് റോഡ് അടക്കം 701 മീറ്റര്‍ നീളമുള്ള കുണ്ടന്നൂര്‍ മേല്‍പാലത്തിന് 196 പൈലുകള്‍, 30 പൈല്‍ ക്യാപ്പുകള്‍, 32 തൂണുകള്‍, 120 ഗര്‍ഡറുകള്‍, 420 മീറ്റര്‍ ദൈര്‍ഘ്യമുള്ള വയഡക്സ്, വീതി 24.2 മീറ്റര്‍, 28 സ്പാനുകള്‍, 16 പിയര്‍ ക്യാപ്പുകള്‍ എന്നിവയുണ്ട്. മൊത്തം ചിലവ് 74.5 കോടി രൂപയാണ്. കിഫ്ബിയുടെ ധന സഹായത്താലുള്ള മേല്‍പാല നിര്‍മാണം ആരംഭിച്ചത് 2018 മാര്‍ച്ച് 12നാണ്. പൊതുമാരാമത്ത് വിഭാഗത്തിന്റെ ദേശീയ പാതാ വികസനത്തിന്റെ മേല്‍നോട്ടത്തിലാണ് പാലം നിര്‍മാണവും പൂര്‍ത്തിയാക്കിയത്.