കൊവിഷീൽഡ് വാക്സിൻ വിതരണ കേന്ദ്രങ്ങളിലേക്ക് എത്തിയ്ക്കുന്നത് വൈകുന്നു. വാക്സിനുകൾ പൂനയിൽ നിന്ന് എയർലിഫ്റ്റ് ചെയ്യുന്നത് തിങ്കളാഴ്ച വരെയെങ്കിലും വൈകും എന്നാണ് ഇപ്പോഴത്തെ സാഹചര്യം. വിലയുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരുമായി ഉള്ള തർക്കങ്ങളല്ല വാക്സിൻ നീക്കം വൈകാൻ കാരണമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. അതേസമയം, വാക്സിൻ വിതരണത്തിന് മുൻപായി സംസ്ഥാനങ്ങളിലെ സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തിന് മുന്നോടിയായി ചീഫ് സെക്രട്ടറിമാരുമായി ക്യാബിനറ്റ് സെക്രട്ടറി ചർച്ച നടത്തും.

പൂനയിൽ നിന്നുള്ള വാക്സിൻ നീക്കങ്ങൾ ഇന്നലെ ആരംഭിയ്ക്കേണ്ടത് വൈകുകയാണ്. ഇപ്പോഴത്തെ വിവരം അനുസരിച്ച് അടുത്ത 48 മണിയ്ക്കൂറെങ്കിലും കഴിഞ്ഞാലേ വാക്സിനുകളുടെ എയർ ലിഫ്റ്റ് സാധ്യമാകു. അതായത് തിങ്കളാഴ്ച എങ്കിലും ആകും പൂനയിൽ നിന്ന് വാക്സിൻ രാജ്യത്തെ വിവിധ ഭാഗങ്ങളിലെ വിതരണകേന്ദ്രങ്ങളിലെയ്ക്ക് എത്താൻ.

 

വെള്ളിയാഴ്ച നടക്കേണ്ട വാക്സിൻ നീക്കം വൈകുന്നത് തങ്ങളുടെ വീഴ്ച കൊണ്ടല്ലെന്ന് പൂനെ എയർപോർട്ട് ഡയറക്ടർ കുൽദീപ് സിംഗ് അറിയിച്ചു. 150 ടൺ വാക്സിൻ കാർഗോകൾ പ്രതിദിനം അയയ്ക്കാൻ ദിവസ്സങ്ങൾക്ക് മുൻപേ തങ്ങൾ ഒരുങ്ങിക്കഴിഞ്ഞു എന്ന് അദ്ദേഹം പറഞ്ഞു.

വാക്സിൻ വിതരണം വൈകാൻ കാരണം സെറം ഇൻസ്റ്റിറ്റ്യൂട്ടും സർക്കാരും തമ്മിൽ വിലയുടെ കാര്യത്തിൽ തർക്കം ഉണ്ടായത് കൊണ്ടാണെന്ന അഭ്യൂഹങ്ങളെ സെറം ഇൻസ്റ്റിറ്റ്യൂട്ടും തള്ളി. വാക്സിൻ വിതരണത്തിന് മുൻപ് പൂർത്തിയാക്കേണ്ട നിർബന്ധിത നടപടികൾ അവസാനഘട്ടത്തിലാണെന്നും എത് നിമിഷവും വാക്സിൻ നീക്കം തുടങ്ങും എന്നും അദാർ പൂനെ വാല അറിയിച്ചു.

വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട അവസാനവട്ട ഒരുക്കങ്ങൾ തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുടെ യോഗത്തിൽ വിലയിരുത്തും. യോഗത്തിന് മുന്നോടിയായി ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബെ ചീഫ് സെക്രട്ടറിമാരെയും തിങ്കളാഴ്ച കാണുന്നുണ്ട്. ഇന്നലെ രാജ്യത്തെ എഴുനൂറിലധികം ജില്ലകളിൽ നടന്ന വാക്സിൻ ഡ്രൈ റൺ വിവരങ്ങൾ നാളെ ഡൽഹിയിൽ സമ്പൂർണ്ണമായി വിലയിരുത്തും. വാക്സിൻ കുത്തിവയ്പ് തീയതി തിങ്കളാഴ്ച ഔദ്യോഗികമായി മുഖ്യമന്ത്രിമാരുടെ യോഗത്തിന് ശേഷം പ്രഖ്യാപിയ്ക്കും എന്നാണ് വിവരം.