ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിൽ ഇന്ത്യ പൊരുതുന്നു. മൂന്നാം ദിനം ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ 4 വിക്കറ്റ് നഷ്ടത്തിൽ 180 റൺസെന്ന നിലയിലാണ്. ശുഭ്മൻ ഗിൽ, രോഹിത് ശർമ്മ, അജിങ്ക്യ രഹാനെ , ചേതേശ്വർ പൂജാര എന്നിവരെയാണ് ഇന്ത്യക്ക് നഷ്ടമായത്. നിലവിൽ ചേതേശ്വർ പൂജാര (42), ഋഷഭ് പന്ത് (29) എന്നിവരാണ് ക്രീസിൽ. ഇരുവരും ചേർന്ന് അഞ്ചാം വിക്കറ്റിൽ അപരാജിതമായ 38 റൺസിൻ്റെ കൂട്ടുകെട്ടുയർത്തിയിട്ടുണ്ട്.

2 വിക്കറ്റ് നഷ്ടത്തിൽ 96 റൺസ് എന്ന നിലയിലാണ് ഇന്ത്യ മൂന്നാം ദിവസം ബാറ്റിംഗ് പുനരാരംഭിച്ചത്. ഏരെ വൈകാതെ ഇന്ത്യക്ക് രഹാനയെ നഷ്ടമായി. 22 റൺസെടുത്ത ഇന്ത്യൻ നായകനെ പാറ്റ് കമ്മിൻസ് ക്ലീൻ ബൗൾഡാക്കുകയായിരുന്നു. ഹനുമ വിഹാരി (4) അനാവശ്യമായി റണ്ണൗട്ടായതോടെ ഇന്ത്യ പതറി. എന്നാൽ അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന പന്ത്-പൂജാര സഖ്യം വലിയ നഷ്ടങ്ങളില്ലാതെ ഇന്ത്യയെ ഉച്ചഭക്ഷണം വരെ എത്തിച്ചു. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിൽ നിന്ന് 138 റൺസ് അകലെയാണ് നിലവിൽ ഇന്ത്യ.

 

ഇന്ത്യയുടെ പുതിയ ഓപ്പണിംഗ് സഖ്യം മികച്ച രീതിയിലാണ് തുടങ്ങിയത്. ഓസീസ് ബൗളർമാർക്കെതിരെ അനായാസം ബാറ്റ് ചെയ്ത രോഹിത്-ഗിൽ സഖ്യം 70 റൺസിൻ്റെ ഒന്നാം ഇന്നിംഗ്സ് കൂട്ടുകെട്ടുയർത്തി. ഗിൽ ആയിരുന്നു കൂടുതൽ മികച്ചു നിന്നത്. ജോഷ് ഹേസൽവുഡാണ് ഈ കൂട്ടുകെട്ട് പൊളിച്ച് ഓസീസിന് ആദ്യ ബ്രേക്ക്‌ത്രൂ നൽകിയത്. 26 റൺസെടുത്ത രോഹിതിനെ സ്വന്തം ബൗളിംഗിൽ ഹേസൽവുഡ് പിടികൂടുകയായിരുന്നു. പങ്കാളിയെ നഷ്ടമായിട്ടും പതറാതെ ബാറ്റിംഗ് തുടർന്ന ഗിൽ ഒടുവിൽ കരിയറിലെ ആദ്യ ടെസ്റ്റ് ഫിഫ്റ്റി തികച്ചു. ഫിഫ്റ്റിക്ക് തൊട്ടുപിന്നാലെ പാറ്റ് കമ്മിൻസ് യുവതാരത്തെ കാമറൂൺ ഗ്രീനിൻ്റെ കൈകളിൽ എത്തിച്ചു. കൃത്യം 50 റൺസായിരുന്നു ഗില്ലിൻ്റെ സമ്പാദ്യം.