ഹൂസ്റ്റൺ: പ്രതിസന്ധികൾ നിറഞ്ഞ ഈ കോവിഡ്  കാലത്തും വേറിട്ടതും ശക്തവുമായ  പ്രവർത്തനങ്ങൾ കാഴ്ച വച്ച് മലയാളി അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റൺ (മാഗ്) 2020 കമ്മിറ്റി പടിയിറങ്ങുമ്പോൾ ഓരോ അംഗങ്ങൾക്കും അഭിമാനിക്കാം, തങ്ങളിൽ ഏല്പിച്ച ഉത്തരവാദിത്വങ്ങൾ ഭംഗിയായി ചെയ്തുവെന്ന്, പ്രത്യേകിച്ച് ജീവകാരുണ്യ പ്രവർത്തങ്ങളിൽ.

മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട്, ശക്തമായ ഒരു തെരഞ്ഞെടുപ്പ് നേരിട്ട്, സമൂഹത്തിൽ നന്മയുടെ വക്താക്കളായി മാറണമെന്ന ഉറച്ച തീരുമാനത്തോടെ  2020 ലെ പ്രവർത്തനങ്ങൾ ആരംഭിച്ച മാഗിന്റെ കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങൾക്കു വിരാമമിട്ടത് സാമ്പത്തികമായി ബുദ്ധിമുട്ട്  അനുഭവിച്ച ഒരു കുടുംബത്തിന് ഒരു ഭവനം നിർമ്മിച്ചു നൽകികൊണ്ടായിരുന്നുവെന്നത് പ്രത്യേകം ശ്രദ്ധേയമാണ്.
കഴിഞ്ഞ വർഷം ചെറുതും വലുതുമായ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളാണ് മാഗിൻറെ നേതൃത്വത്തിൽ നടന്നത്. ഹൂസ്റ്റണിൽ ഭവനരഹിതനായിരുന്ന ഒരു മലയാളിയ്ക്ക് താമസസൗകര്യവും മറ്റ് സൗകര്യങ്ങളും ക്രമീകരിച്ചു നൽകികൊണ്ടായിരുന്നു ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.

വർഷാവസാനം കൊട്ടാരക്കര തലച്ചിറ ഏന്ന സ്ഥലത്താണ് ആറര ലക്ഷം രൂപ മുടക്കി മാഗിന്റെ നേതൃത്വത്തിൽ ജോയിയുടെ കുടുംബത്തിന് ഭവനം നിർമ്മിച്ച് നൽകിയത്. കൊട്ടാരക്കര യുവസാരഥി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ആണ് ഭവനത്തിന്റെ നിർമാണപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചത്.

പുതിയതായി പണിത വീടിന്റെ താക്കോൽദാനം മാഗിന്റെ  ട്രസ്റ്റി ബോർഡ് അംഗം ശശിധരൻ നായർ നിർവഹിച്ചു. ഭവനദാനത്തോടനുബന്ധിച്ചു നടത്തിയ പ്രത്യേക  സ മ്മേളനത്തിൽ  യുവസാരഥി ക്ലബ് പ്രസിഡൻറ് സജി തോമസും കമ്മിറ്റി അംഗങ്ങളും, സിനിമാ സീരിയൽ നടനും മിമിക്രി ആർട്ടിസ്റ്റുമായ സതീഷ് വെട്ടിക്കാല, മുൻ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ചന്ദ്രശേഖരൻ കുറുപ്പ്‌, മറ്റ് പഞ്ചായത്ത് പ്രതിനിധികൾ തുടങ്ങിയവർ  സന്നിഹിതരായിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്‌ കുറച്ചു പേരെ മാത്രം പങ്കെടുപ്പിച്ചു കൊണ്ടായിരുന്നു ഈ ചടങ്ങു സംഘടിപ്പിച്ചത്.

2020 ഗാന്ധിജയന്തിദിനത്തിൽ (ഒക്ടോബർ 2)  തറക്കല്ലിട്ടു കൊണ്ട് ആരംഭിച്ച നിർമാണ പ്രവർത്തനം ധ്രുതഗതിയിൽ തീർത്ത ഏകദേശം രണ്ടര മാസങ്ങൾക്ക് ശേഷം ഒരു ഭവനം നിർമ്മിച്ചു  കൊണ്ട് അർഹതപ്പെട്ട വ്യക്തിക്ക് നൽകുവാൻ സാധിച്ചത് മാഗിന്റെ നിശ്ചയദാർഢ്യത്തിന്റെ ഉദാഹരണമാണെന്ന് 2020 ലെ പ്രസിഡന്റും മാഗിന്റെ പുതിയ വർഷം ട്രസ്റ്റി ബോർഡ് അംഗമായും തെരഞ്ഞെടുക്കപെട്ട ഡോ.സാം ജോസഫ് പറഞ്ഞു.

കൂടാതെ പല ജില്ലകളിലായി സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിച്ച നിരവധി കാൻസർ, ഡയാലിസിസ് രോഗികൾക്ക് സാമ്പത്തിക സഹായം നൽകി സാന്ത്വനത്തിന്റെ വേറിട്ട മുഖമായി മാറി ‘മാഗ്’. കോവിഡ്   കാലത്ത്‌ കേരളത്തിൽ  ‘സൂം’ സാങ്കേതികവിദ്യയിൽ കൂടിയും  ടിവി യിൽ കൂടിയും പഠനം ആരംഭിച്ചപ്പോൾ കൊല്ലത്തും മലപ്പുറത്തുമായി നിർധനരായ 13 വിദ്യാർത്ഥികൾക്ക് ‘ടെലിവിഷനുകൾ’ നൽകി മാതൃകയായി. അതോടൊപ്പം പാലായിലെ കാരുണ്യ ചാരിറ്റബിൾ ട്രസ്റ്റ്‌. കോട്ടയം നവജീവൻ ട്രസ്റ്റ്. തിരുവല്ലയിലുള്ള ലിറ്റിൽ സെർവന്റ്സ് ഓഫ് ഡിവൈൻ
പ്രൊവിഡൻസ്‌ ചാരിറ്റബിൾ സൊസൈറ്റിഎന്നീ ചാരിറ്റബിൾ സംഘടനകൾക്കും സംഭാവന നൽകി സഹായിച്ചു.

ഭവന നിർമ്മാണത്തിന് ചെലവായ ആറര ലക്ഷം ഉൾപ്പെടെ  14 ലക്ഷം രൂപയുടെ കാരുമായ പ്രവർത്തനങ്ങളാണ് മാഗ് നടത്തിയതെന്ന് ഭാരവാഹികൾ അറിയിച്ചു,
അതോടോപ്പം മാഗിന്റെ ആസ്ഥാന കേന്ദ്രമായ “കേരള ഹൗസിൽ” പുതുതായി സൈൻ ബോർഡ്, ഗേറ്റ് പില്ലേർസ്, നാല് പോർച്ചുകൾ എന്നിവ സ്ഥാപിച്ചു, മാഗ് റിക്രിയേഷൻ സെന്റർ ആധുനിക രീതിയിൽ നവീകരിച്ചു. ഈ ആവശ്യത്തിലേക്ക്  ട്രസ്റ്റീ ബോർഡ് അംഗം ശശിധരൻ നായർ 30,000 ഡോളർ സംഭാവന നൽകി സഹായിച്ചു. ഈയടുത്ത് നടത്തിയ റാഫിളിൽ കൂടി 40,000  ഡോളർ സമാഹരിച്ചു.
മാഗിനെ അകമഴിഞ്ഞ് സഹായിക്കുന്ന അമേരിക്കയിലെ എല്ലാ സുമനസുകൾക്കും  പ്രത്യേകിച്ചു ഹൂസ്റ്റൻ മലയാളികൾക്കും ഭാരവാഹികൾ നന്ദി അറിയിച്ചു.

15 അംഗ കമ്മിറ്റിയുടെയും ട്രസ്റ്റീ ബോർഡിന്റെയും  കൂട്ടായ പ്രവർത്തനവും ഹൂസ്റ്റൺ മലയാളികളുടെ നിസ്വാർത്ഥ സഹകരണവുമാണ് മാഗിനെ മുന്നോട്ടു നയിച്ചതെന്ന് ഭാരവാഹികൾ പറഞ്ഞു.

ഡോ.സാം ജോസഫ് (പ്രസിഡണ്ട്) റജി ജോൺ (വൈസ്  പ്രസിഡണ്ട് )  മാത്യുസ്  മുണ്ടക്കൽ (സെക്രട്ടറി) ജോസ്, കെ. ജോൺ (ട്രഷറർ)  ജോജി ജോസഫ് (ജോയിന്റ് സെക്രട്ടറി) മോൻസി കുര്യാക്കോസ്  (ജോയിന്റ് ട്രഷറർ) തോമസ് വർക്കി (പബ്ലിക് റിലേഷൻസ് ഓഫീസർ ) ഷിബി റോയ് (പ്രോഗ്രാം കോർഡിനേറ്റർ) ഫിലിപ്പ് സെബാസ്റ്റ്യൻ (മെമ്പർഷിപ്) എബ്രഹാം തോമസ് (സീനിയർ സിറ്റിസൺസ്) ലിറ്റിൽ ജോസ് (വുമൺസ് ചെയർ) മെവിൻ ജോൺ എബ്രഹാം (യൂത്ത് ആൻഡ് സ്പോർട്സ് ) ബോബി കണ്ടത്തിൽ (ബിൽഡിംഗ് കമ്മിറ്റി) ബാബു ചാക്കോ (എഡ്യൂക്കേഷൻ ) അക്കു കോശി (വെബ്‍സൈറ്റ് ആൻഡ് കൾച്ചറൽ) എന്നിവരാണ് ഈ വർഷത്തെ വിജയകരമായ പ്രവർത്തനത്തിനു കമ്മിറ്റി അംഗങ്ങളായി ചുക്കാൻ പിടിച്ചത്.

ട്രസ്റ്റി ബോർഡ് അംഗങ്ങളായി തോമസ് ചെറുകര (ചെയർമാൻ) ജോഷ്വ ജോർജ്, എം.ജി.മാത്യു, ശശിധരൻ നായർ, ജോൺ കുന്നക്കാടൻ, മാർട്ടിൻ ജോൺ എന്നിവർ പ്രവർത്തിച്ചു,

റിപ്പോർട്ട് : ജീമോൻ റാന്നി