ക്രൈസ്തവ സഭാ നേതൃത്വത്തെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നേരിട്ട് ഇടപെട്ടു. തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയം മുന്‍നിര്‍ത്തിയാണ് നീക്കം. അര്‍ഹമായ പ്രാതിനിധ്യം ആവശ്യപ്പെട്ട് പോഷക സംഘടനകള്‍ താരിഖ് അന്‍വറിനെ കണ്ടു.

മത- സാമുദായിക സംഘടനകളെ അടുപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമം. ഹൈക്കമാന്‍ഡ് നേരിട്ടാണ് അകന്നു നില്‍ക്കുന്ന പരമ്പരാഗത വോട്ടുകളെ തിരികെ കൊണ്ടുവരാനുള്ള ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത്. തിരുവനന്തപുരത്ത് എഐസിസി സെക്രട്ടറി താരിഖ് അന്‍വര്‍ മാര്‍ത്തോമാ സഭാ ബിഷപ്പ് ജോസഫ് മാര്‍ ബര്‍നബാസ് എപിസ്‌കോപ്പയെ നാലാഞ്ചിറയിലെ സഭാ കേന്ദ്രത്തിലെത്തി കൂടിക്കാഴ്ച നടത്തി.

 

പട്ടം കാതോലിക്കേറ്റ് സെന്ററില്‍ കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കതോലിക്കാ ബാവയുമായി താരിഖ് അന്‍വര്‍ കൂടിക്കാഴ്ച നടത്തി. നിയമസഭാ തെരഞ്ഞെടുപ്പില്‍ സഭയുടെ പിന്തുണ തേടി. കഴിഞ്ഞ രണ്ട് ദിവസമായി സംസ്ഥാനത്ത് തുടരുന്ന ദേശീയ ജനറല്‍ സെക്രട്ടറി പോഷക സംഘടനാ പ്രതികളുമായുള്ള കൂടിക്കാഴ്ചയും നടത്തുന്നുണ്ട്. യുവാക്കള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം വേണമെന്ന നിലപാടില്‍ യൂത്ത് കോണ്ഗ്രസും കെഎസ് യുവും ഉറച്ചു നില്‍ക്കുകയാണ്.