പക്ഷിപ്പനിയെ സംസ്ഥാന ദുരന്തമായി സര്‍ക്കാര്‍ പ്രഖ്യാപിക്കും. പക്ഷിപ്പനി പ്രതിരോധം പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആലപ്പുഴ, കോട്ടയം ജില്ലകളില്‍ പക്ഷികളെ കൂട്ടത്തോടെ കൊന്ന് തുടങ്ങി. കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കുമെന്നും രോഗം മനുഷ്യരിലേക്ക് വ്യാപിക്കാനുള്ള സാഹചര്യം നിലവിലില്ലെന്നും മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ അറിയിച്ചു.

 

താറാവുകള്‍ക്ക് പുറമേ രോഗം സ്ഥിരീകരിച്ച പ്രദേശത്തെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള വളര്‍ത്തു പക്ഷികളെയും കൊന്നൊടുക്കുകയാണ്. ആലപ്പുഴ ജില്ലയിലെ കരുവാറ്റ ഉള്‍പ്പെടെ നാല് പഞ്ചായത്തുകളിലും കോട്ടയം ജില്ലയിലെ നീണ്ടൂര്‍ പഞ്ചായത്തിലെ പതിനാലാം വാര്‍ഡിലുമാണ് നിലവില്‍ പ്രതിരോധ നടപടികള്‍ തുടങ്ങിയിട്ടുള്ളത്. രണ്ട് ജില്ലകളിലുമായി നാല്‍പതിനായിരത്തോളം പക്ഷികളെ കൊന്നൊടുക്കുന്നതോടെ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് കര്‍ഷകര്‍ക്ക് ഉണ്ടാവുക.

പക്ഷിപ്പനിയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. കര്‍ഷകര്‍ക്ക് നഷ്ടപരിഹാര പാക്കേജ് ഉള്‍പെടെയുള്ളവ വേഗത്തില്‍ ലഭ്യമാക്കും. നിലവില്‍ മനുഷ്യരിലേക്ക് രോഗം പടരില്ലെന്ന് പറയുമ്പോഴും രോഗം സ്ഥിരീകരിച്ച മേഖലകളില്‍ ആരോഗ്യ വകുപ്പ് സര്‍വേ ആരംഭിച്ചിട്ടുണ്ട്. പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ കേരളത്തില്‍ നിന്നുള്ള ഇറച്ചി, മുട്ട എന്നിവ കൊണ്ടു പോകുന്നതിന് തമിഴ്‌നാട് സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തി.