കോതമംഗലം പള്ളി ഏറ്റെടുക്കാനുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ ഇന്ന് അപ്പീല്‍ നല്‍കും. സിആര്‍പിഎഫിനെ ഉപയോഗിച്ച് പള്ളി ഏറ്റെടുക്കണമെന്ന ഉത്തരവിനെതിരെയാണ് അപ്പീല്‍ സമര്‍പ്പിക്കുക. ജനുവരി എട്ടിന് മുന്‍പ് കളക്ടര്‍ പള്ളി ഏറ്റെടുത്തില്ലെങ്കില്‍ സിആര്‍പിഎഫിനെ ഉപയോഗിക്കാനായിരുന്നു ഉത്തരവ്.

കോടതി അനുവദിച്ച കാലാവധി അവസാനിക്കാന്‍ നാല് ദിവസം ശേഷിക്കെയാണ് സംസ്ഥാന സര്‍ക്കാരിന്റെ പുതിയ നീക്കം. സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ യാക്കോബായ സഭാ വിശ്വാസികള്‍ ഡിവിഷന്‍ ബെഞ്ചിനു മുന്‍പാകെ നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കവെ, അപ്പീല്‍ നല്‍കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. അപ്പീല്‍ നല്‍കുന്നതോടെ പ്രശ്‌നപരിഹാരത്തിന് കൂടുതല്‍ സമയം ലഭിക്കുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ .