തിരുവനന്തപുരം നാവായിക്കുളത്ത് കുടുംബവഴക്കിനെ തുടര്‍ന്ന് രണ്ട് മക്കളെയും കൊന്ന് ശേഷം ജീവനൊടുക്കിയ അച്ഛന്റെ ക്രൂരതയുടെ ഞെട്ടലില്‍ നിന്ന് നാട്ടുകാര്‍ ഇതുവരെയും മോചിതരായിട്ടില്ല. അല്‍ത്താഫ്(11), അന്‍ഷാദ്(9) എന്നിവരാണ് പിതാവ് സഫീറിന്റെ കൈകളാല്‍ കൊല്ലപ്പെട്ടത്. ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ ശനിയാഴ്ച രാവിലെയെത്താമെന്നുള്ള ഉറപ്പിലാണ് സഫീര്‍ വെള്ളിയാഴ്ച ഭാര്യ റെജീനയുടെ അടുത്ത് നിന്നും മക്കളെ കൂട്ടിക്കൊണ്ട് പോയത്.

സഫീര്‍ കുട്ടികളെയും കൊണ്ട് ബീച്ചിലും മറ്റും കറങ്ങുകയും അവര്‍ക്കിഷ്ടപ്പെട്ട ആഹാരങ്ങള്‍ വാങ്ങിക്കൊടുക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഫോണ്‍ ചെയ്തപ്പോള്‍ മക്കളാണ് ഇക്കാര്യം അമ്മാവനോട് പറഞ്ഞത്. സഫീര്‍ ഈ ക്രൂരകൃത്യം ചെയ്തുവെന്ന് നാട്ടുകാര്‍ക്ക് ഇതുവരെ വിശ്വസിക്കാനായിട്ടില്ല.

കുടുംബപ്രശ്‌നമാണ് കൊലപാതകത്തിനും ആത്മഹത്യക്കും കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുട്ടികളുടെ അമ്മ കുടുംബവുമായി അകന്നുകഴിയുകയായിരുന്നു. ഇവര്‍ മറ്റൊരു വീട്ടിലായിരുന്നു താമസം. മക്കള്‍ രണ്ടുപേരും ഇവര്‍ക്കൊപ്പമായിരുന്നു. മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്ന സഫീര്‍ രണ്ടുദിവസം മുമ്ബാണ് മക്കളെ വീട്ടിലേക്ക് കൊണ്ടുവന്നത്. 2 ദിവസം മക്കള്‍ക്കൊപ്പം താമസിക്കണമെന്നായിരുന്നു സഫീര്‍ ഭാര്യയോട് പറഞ്ഞത്. കുട്ടികളുടെ ഉപ്പയല്ലേ എന്ന വിശ്വാസത്തിലാണ് ഭാര്യ ഇവരെ സഫീറിനൊപ്പം വിട്ടയച്ചത്.

മൂത്തമകന്‍ അല്‍ത്താഫിനെ വീടിനുള്ളില്‍ കെട്ടിയിട്ട് കഴുത്തറുത്ത നിലയിലാണ് കാണപ്പെട്ടത്. ഇളയ മകനൊപ്പം സഫീര്‍ കുളത്തില്‍ ചാടിയതായുള്ള സംശയത്തെ തുടര്‍ന്ന് ക്ഷേത്ര കുളത്തില്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് സഫീറിന്റെ മൃതദേഹം കണ്ടെത്തിയത്. മൂത്ത മകനെ കൊലപ്പെടുത്തിയ ശേഷം ഇളയമകനുമൊത്ത് സഫീര്‍ കുളത്തില്‍ ചാടുകയായിരുന്നു. തെരച്ചിലിനൊടുവില്‍ രണ്ട് പേരുടെയും മൃതദേഹം കണ്ടെത്തി.

സഫീറിന്റെ ഓട്ടോറിക്ഷ സമീപത്തെ ശങ്കരനാരായണ സ്വാമി ക്ഷേത്രക്കുളത്തിനടുത്ത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചതും സംഭവം പുറംലോകമറിഞ്ഞതും. കുട്ടിയുടെ ഉമ്മ സൂപ്പര്‍മാര്‍ക്കറ്റിലെ ജോലിക്കാരിയാണ്. പൊലീസ് സ്ഥലത്തെത്തി അമ്മയെ ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്തെങ്കിലും ആത്മഹത്യയെന്ന നിഗമനത്തില്‍ തന്നെയാണ് പൊലീസ്.