കോഴിക്കോട്: കുട്ടികളിലുണ്ടാവുന്ന മാനസികാഘാതം കുടുംബങ്ങളില്‍ പരിഹരിക്കപ്പെടാതെ പോകുന്നുവെന്ന് വനിതാ കമ്മീഷന്‍ അഭിപ്രായപ്പെട്ടു. കോഴിക്കോട് ടൗണ്‍ ഹാളില്‍ നടന്ന മെഗാ അദാലത്തില്‍ കേസ് പരിഗണിക്കുകയായിരുന്നു കമ്മീഷന്‍. ഒരു പ്രശ്‌നം ഉണ്ടാകുന്ന സാഹചര്യത്തില്‍ അതിനെ ഉടനടി ഉള്‍ക്കൊള്ളാനോ പ്രതികരിക്കാനോ പല കുട്ടികള്‍ക്കും സാധിക്കാറില്ല. കുടുംബ ബന്ധങ്ങള്‍ ശക്തമാക്കുന്നതിന് രക്ഷകര്‍ത്താക്കള്‍ കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന് കമ്മീഷന്‍ അഭിപ്രായപ്പെട്ടു.

കോവിഡ് ലോക്ക്ഡൗണ്‍ കാലത്ത് വനിതാ കമ്മിഷനുമായി സഹകരിച്ച കോഴിക്കോട് റൂറല്‍ പൊലീസിനെയും പയ്യോളി ജനമൈത്രി പൊലീസിനെയും വനിതാ കമ്മീഷന്‍ ആദരിച്ചു. ലോക് ഡൗണ്‍ കാലത്ത് പല പ്രശ്‌നങ്ങള്‍ക്കും സമയബന്ധിതമായി പരിഹാരം കാണുന്നതിന് ജനമൈത്രി പോലീസിന്റെ എല്ലാവിധ സഹകരണങ്ങളും ഉണ്ടായിരുന്നതായി കമ്മീഷന്‍ പറഞ്ഞു.

കോഴിക്കോട് റൂറല്‍ ജനമൈത്രി പോലീസ് – ഇന്‍ – ചാര്‍ജ് ഡിവൈഎസ്പി കെ.അശ്വകുമാര്‍, ജനമൈത്രി അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ ടി.വി.സത്യന്‍, പയ്യോളി ജനമൈത്രി പോലീസ് സ്റ്റേഷനിലെ എസ്‌ഐ രമേശന്‍, എസ്ഡിപിഒ രന്യേഷ് കറ്റവത്ത്, സിപിഒമാരായ സുനില്‍ കമ്മന്യത്ത്, പി.നീതു എന്നിവരെയാണ് ആദരിച്ചത്.

രണ്ടാനച്ഛനില്‍ നിന്നും തിക്താനുഭവം നേരിടേണ്ടി വന്ന കോളേജ് വിദ്യാര്‍ത്ഥിനിയെയും മുത്തശ്ശിയെയും ജനമൈത്രി പോലീസിന്റെ സഹായത്തോടെ സുരക്ഷിതമായ ഇടത്തിലേക്ക് മാറ്റാന്‍ സാധിച്ചു. വിദ്യാര്‍ത്ഥിയുടെ പഠന ചെലവും തുടര്‍ന്നുള്ള സുരക്ഷയും ജനമൈത്രി പോലീസും വനിതാ കമ്മീഷനും ഏറ്റെടുക്കുമെന്ന് അറിയിച്ചു. ഇവരെ വാടക വീട് എടുത്ത് മാറ്റി താമസിപ്പിച്ചിരിക്കുകയാണ്. ലോക് ഡൗണ്‍ കാലത്ത് മാനസികസമ്മര്‍ദ്ദം കുറയ്ക്കുന്നതിനും പ്രശ്‌നപരിഹാരത്തിനുമായി കൗണ്‍സിലര്‍മാരുടെ സേവനം ലഭ്യമായിരുന്നു.

57 കേസുകളാണ് വനിതാ കമ്മീഷന്‍ മുന്‍പാകെ എത്തിയത്. ഇതില്‍ രണ്ടു പരാതികള്‍ പരിഹരിച്ചു. ലോക് ഡൗണ്‍ സമയത്ത് കിട്ടിയ പരാതികളാണ് കൂടുതലും. ഒരു കക്ഷി മാത്രം ഹാജരായ 31 കേസുകളാണ് കമ്മീഷന്‍ മുന്‍പാകെ വന്നത്.