കുടക് എന്നറിയപ്പെടുന്ന കൂർഗ് കർണാടകയിലെ ഏറ്റവും മനോഹരമായ ഹിൽസ്റ്റേഷനാണ്. പ്രകൃതിദൃശ്യങ്ങൾക്കും പച്ചപ്പ് നിറഞ്ഞ പ്രദേശങ്ങൾക്കും പേരുകേട്ട സ്ഥലം. വനം മൂടിയ കുന്നുകൾ, സുഗന്ധവ്യഞ്ജനങ്ങൾ, കാപ്പിത്തോട്ടങ്ങൾ എന്നിവയാൽ സമ്പന്നമായ കൂർഗിലെത്തിയാൽ കാഴ്ചകൾക്ക് കുറവുണ്ടാവുകയില്ല. കൂർഗിന്റെ കേന്ദ്രബിന്ദുവാണ് മടിക്കേരി. അവിടെനിന്നാണ് കൂർഗിലെ എല്ലാ കാഴ്ചകളിലേക്കുമുള്ള യാത്ര ആരംഭിക്കുക. കൂർഗിലെ സുന്ദരകാഴ്ചകളിലേക്ക്.

ആബി വെള്ളച്ചാട്ടം

മടിക്കേരി പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ അകലെയുള്ള ആബി വെള്ളച്ചാട്ടം കൂർഗിലും പരിസരങ്ങളിലുമുള്ള ഏറ്റവും പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ്. 70 അടി ഉയരത്തിൽ മലഞ്ചെരിവിൽനിന്ന് താഴേക്ക് പതിക്കുന്ന ഈ വെള്ളച്ചാട്ടം മനോഹരമായൊരു കാഴ്ചവിരുന്നാണ്. പശ്ചിമഘട്ടത്തിലെ പ്രകൃതിദൃശ്യങ്ങൾക്ക് സമാനമായ പച്ചപ്പ് നിറഞ്ഞ ഈ വെള്ളച്ചാട്ടത്തിന്റെ കാഴ്ച തേടി വർഷം മുഴുവനും ആയിരക്കണക്കിന് സഞ്ചാരികളാണ് എത്തിച്ചേരുന്നത്. പ്രകൃതി സ്നേഹികളേയും ഫൊട്ടോഗ്രഫർമാരെയും ആകർഷിക്കും ഇവിടം. സ്വകാര്യ കാപ്പിത്തോട്ടങ്ങൾക്കും കുറ്റിക്കാടുകൾക്കും കുരുമുളകു വള്ളികളാൽ ചുറ്റപ്പെട്ട മരങ്ങളുള്ള സുഗന്ധവ്യഞ്ജന എസ്റ്റേറ്റുകൾക്കുമിടയിലാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.

ദക്ഷിണേന്ത്യയിലെ പുണ്യനദിയായ കാവേരി ഉദ്ഭവിക്കുന്ന ഇടമാണ് തലക്കാവേരി. കാവേരി നീരുറവയായി ഊറിവരുന്നതു കാണണമെങ്കില്‍ തലക്കാവേരിയില്‍ എത്തണം. പ്രകൃതിഭംഗി ആസ്വദിക്കുക എന്നതിലുപരി ഒരു പുണ്യയാത്ര എന്നു വേണമെങ്കില്‍ തലക്കാവേരി യാത്രയെ വിളിക്കാം. ദക്ഷിണേന്ത്യയിലെ പ്രമുഖ ഹിന്ദുതീർഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ്‌ തലക്കാവേരി. ബ്രഹ്മഗിരി, അഗ്നിഗിരി, വായുഗിരി, ഗജരാജഗിരി എന്നീ നാല് ഗിരികളുടെ മധ്യത്തിലാണ് തലക്കാവേരി. പണ്ട് ഇവിടെ അഗസ്ത്യമുനി തപസ്സു ചെയ്തിരുന്നു എന്നാണു വിശ്വാസം. സമുദ്രനിരപ്പില്‍നിന്ന് 1276 മീറ്റര്‍ ഉയരത്തിലാണിവിടം.

കൂര്‍ഗില്‍നിന്ന് 60 കിലോമീറ്റര്‍ പോയാല്‍ ബ്രഹ്മഗിരി വന്യജീവി സങ്കേതത്തില്‍ എത്താം. നിത്യഹരിത മരങ്ങള്‍ നിറഞ്ഞ ഈ വനം ട്രക്കിങ് പ്രിയരുടെ ഇഷ്ടസ്ഥലങ്ങളില്‍ ഒന്നുകൂടിയാണ്. കേരളത്തില്‍ നിന്നാണ് ട്രക്കിങ് തുടങ്ങുന്നതെങ്കില്‍ തിരുനെല്ലിയിലാണ് യാത്ര തുടങ്ങേണ്ടത്. കൂര്‍ഗില്‍ നിന്നാണെങ്കില്‍ ഇരുപ്പു വെള്ളച്ചാട്ടത്തിനടുത്തുനിന്നു മലകയറാന്‍ തുടങ്ങണം. രണ്ടുവശത്തു നിന്നായാലും വനംവകുപ്പ് അധികൃതരില്‍ നിന്ന് അനുമതി നേടണം. കാപ്പി, ഏലം എന്നിവയുടെ തോട്ടങ്ങളാൽ ചുറ്റപ്പെട്ട ഈ വന്യജീവി സങ്കേതം 1974 ലാണ് സ്ഥാപിതമായത്. വർഷം മുഴുവനും വിനോദസഞ്ചാരികൾ ഇവിടെയെത്തുന്നു.

നം‌ഡ്രോളിങ് മൊണാസ്ട്രി

കൂർഗിൽനിന്ന് 34 കിലോമീറ്റർ അകലെയുള്ള നംഡ്രോളിങ് മൊണാസ്ട്രി, ഇന്ത്യയിലെ ഏറ്റവും വലിയ ടിബറ്റൻ ബുദ്ധമത അധ്യാപന കേന്ദ്രമാണ്. ടിബറ്റൻ വാസ്തുവിദ്യയുടെയും കലാസൃഷ്ടികളുടെയും മികച്ച ഉദാഹരണങ്ങൾ ഇവിടെയുണ്ട്. മനോഹരമായി അലങ്കരിച്ച ക്ഷേത്ര ഗോപുരവും പുറം മതിലുകളും മനോഹരമായ ചുവർച്ചിത്രങ്ങളും ഇവിടുത്തെ പ്രധാന ആകർഷണങ്ങളാണ്. പ്രവാസികളായ ടിബറ്റുകാർക്ക് ഇന്ത്യൻ സർക്കാർ സംഭാവന നൽകിയ സ്ഥലത്ത് അയ്യായിരത്തോളം പേർ താമസിക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രിയും അടക്കം ഇവിടെയുണ്ട്.