കൊല്‍ക്കത്ത∙ മഹാരാഷ്ട്രയില്‍ ശിവസേനയെ കൂടെക്കൂട്ടി അമിത് ഷായുടെ അധികാര സ്വപ്നങ്ങള്‍ തകര്‍ത്തെറിഞ്ഞ് സഖ്യസര്‍ക്കാരിനു രൂപം കൊടുക്കുന്നതിനു ചുക്കാന്‍ പിടിച്ച എന്‍സിപി നേതാവ് ശരദ് പവാര്‍ ബംഗാളില്‍ മമതാ ബാനര്‍ജിയുടെ സഹായത്തിനെത്തുന്നു. മൂന്നാം തവണയും ബംഗാള്‍ മുഖ്യമന്ത്രി പദത്തിലെത്താന്‍ ശ്രമിക്കുന്ന മമതയെ വീഴ്ത്താന്‍ അമിത് ഷാ കളിക്കുന്ന കളികളെ ഏതു തരത്തില്‍ ചെറുക്കണമെന്ന മറുതന്ത്രങ്ങള്‍ ഉപദേശിക്കാന്‍ പവാര്‍ നേരിട്ടെത്തുമെന്നാണു റിപ്പോര്‍ട്ട്.

പുതുവര്‍ഷത്തിലെ ആദ്യ ആഴ്ച കൊല്‍ക്കത്തയിലെത്തി മമതാ ബാനര്‍ജിയുമായി ശരദ് പവാര്‍ കൂടിക്കാഴ്ച നടത്തും. നഗരത്തില്‍ നടക്കുന്ന വമ്പന്‍ റാലിയെ ഇരുവരും അഭിസംബോധന ചെയ്യും. കോണ്‍ഗ്രസ് വിട്ട് പ്രാദേശിക പാര്‍ട്ടികള്‍ക്കു രൂപം കൊടുത്ത നേതാക്കളാണ് ഇരുവരും. പ്രാദേശിക പാര്‍ട്ടികളെ ഒതുക്കി ഭരണം കൈപ്പിടിയിലൊതുക്കുന്ന മോദി-ഷാ തന്ത്രങ്ങള്‍ തകര്‍ത്തെറിഞ്ഞ് മഹാരാഷ്ട്രയില്‍ പവാര്‍ കളിച്ച കളി പല കക്ഷിനേതാക്കള്‍ക്കും പാഠപുസ്തമാണ്.

അമിത് ഷാ അടിക്കടി കൊല്‍ക്കത്തയിലെത്തുന്നതില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും എടുത്തുചാടി പ്രതികരിക്കരുതെന്നും മമതയെ പവാര്‍ ഉപദേശിച്ചുവെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. ജനുവരി 12-ന് കൂടുതല്‍ റാലികള്‍ക്കായി അമിത് ഷാ വീണ്ടും ബംഗാളിലെത്തുന്നുണ്ട്. തന്റെ കുടുംബത്തില്‍നിന്നുള്ള ആരും അധികാരകേന്ദ്രങ്ങളില്‍ എത്തില്ലെന്ന പൊതുപ്രഖ്യാപനം നടത്തണമെന്നും മമതയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പാര്‍ട്ടിയിലും അധികാരത്തിലും അനന്തരവനായ അഭിഷേക് ബാനര്‍ജിയുടെ സ്വാധീനം വര്‍ധിക്കുന്നതു ചൂണ്ടിക്കാട്ടി അമിത് ഷാ ഉന്നയിക്കുന്ന കുടുംബവാഴ്ചയെന്ന ആരോപണത്തെ മറികടക്കുകയാണ് ഇതിന്റെ ലക്ഷ്യം. മുതിര്‍ന്ന തൃണമൂല്‍ നേതാക്കളെ അടര്‍ത്തിയെടുത്ത് മമതയെ ദുര്‍ബലയാക്കാന്‍ ബംഗാളില്‍ അമിത് ഷാ നടത്തുന്ന നീക്കങ്ങളെ കൂടുതല്‍ ചെറുപാര്‍ട്ടികളെ ഒപ്പം നിര്‍ത്തി തകര്‍ക്കാന്‍ കഴിഞ്ഞാല്‍ പവാറിന്റെ രാഷ്ട്രീയ തന്ത്രജ്ഞത മികവുറ്റതാകുമെന്നും വിലയിരുത്തപ്പെടുന്നു.

പാര്‍ലമെന്റിലെ ആവശ്യങ്ങള്‍ക്കായി പല പ്രാദേശിക പാര്‍ട്ടികളെയും തരാതരം ഉപയോഗിക്കുന്ന ബിജെപി പക്ഷെ അതതു സംസ്ഥാനങ്ങളില്‍ അത്തരം കക്ഷികളെ ഒതുക്കി മേല്‍ക്കൈ നേടാനുള്ള നീക്കങ്ങളാണു നടത്തുന്നതെന്നു പവാര്‍ ചൂണ്ടിക്കാട്ടുന്നു. രാജ്യസഭയിലും ലോക്‌സഭയിലും നിര്‍ണായക വോട്ടെടുപ്പുകളില്‍ പങ്കെടുക്കാതെ സഹായിച്ചിട്ടുള്ള തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിന്റെ ഉള്‍പ്പെടെ അനുഭവം ഇതാണു സൂചിപ്പിക്കുന്നത്. ഒഡീഷയിലെ നവീന്‍ പട്‌നായിക്കിനെയും തമിഴ്‌നാട്ടിലെ എം.കെ സ്റ്റാലിനെയുമൊക്കെ ഓരോ ഘട്ടങ്ങളില്‍ ബിജെപിക്ക് ഉപകരണങ്ങളാക്കിയിട്ടുണ്ട്. പക്ഷെ അമിത് ഷായുടെ പിടിച്ചെടുക്കല്‍ തന്ത്രങ്ങള്‍ വിലപ്പോക്കാതിരുന്നതു മഹാരാഷ്ട്രയില്‍ പവാറിനു മുന്നില്‍ മാത്രമാണെന്നു രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

സംസ്ഥാനങ്ങള്‍ വരുതിയിലാക്കാന്‍ ഏതു തരത്തിലാണു ബിജെപി പ്രാദേശിക പാര്‍ട്ടികളെ ചവിട്ടുപടിയാക്കുന്നതെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമായി പവാര്‍ ചൂണ്ടിക്കാട്ടുന്നത് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെയാണ്. പ്രാദേശിക പാര്‍ട്ടികള്‍ക്കു ബിജെപി ഉയര്‍ത്തുന്ന വെല്ലുവിളി തിരിച്ചറിഞ്ഞു ചെറുക്കണമെന്ന് ചൂണ്ടിക്കാട്ടി എല്ലാ പ്രതിപക്ഷ നേതാക്കളുമായും ആശയവിനിമയം നടത്താനുള്ള ശ്രമത്തിലാണ് പവാര്‍.

കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ അശോക് ഗലോട്ട്, ഭൂപേഷ് ബഗേല്‍, അമരീന്ദര്‍ സിങ് എന്നിവരുമായും പവാറും മമതയും ആശയവിനിമയം നടത്തിയെന്നാണു റിപ്പോര്‍ട്ട്. കോണ്‍ഗ്രസിന്റെ പുതിയ ‘ട്രബിള്‍ ഷൂട്ടര്‍’ ആയ കമല്‍നാഥുമായും പവാര്‍ ബന്ധപ്പെട്ടിരുന്നു. തങ്ങള്‍ അടക്കിവാണിരുന്ന പ്രാദേശിക അധികാര മേഖലകളില്‍ അനുദിനം ബിജെപി നടത്തിക്കൊണ്ടിരിക്കുന്ന കടന്നുകയറ്റങ്ങള്‍ക്കെതിരെ പൊരുതാനുള്ള പൊതുവേദി ഒരുക്കുകയാണ് പവാറിന്റെ ലക്ഷ്യം. ഉത്തര്‍പ്രദേശ് ഒഴികെയുള്ള സംസ്ഥാനങ്ങളിലെ പ്രതിപക്ഷനേതാക്കളുമായി പവാര്‍ ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞുവെന്നാണു റിപ്പോര്‍ട്ട്.

പക്ഷേ പ്രതിപക്ഷ നിരയില്‍ പവാര്‍ കരുത്തനാകുന്നത് കോണ്‍ഗ്രസ് ക്യാംപുകളില്‍ ആശങ്ക ഉയര്‍ത്തുന്ന കാര്യമാണ്. നിലവില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി വഹിക്കുന്ന യുപിഎ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തിനു വരെ പവാര്‍ ഭീഷണിയാകുമെന്നു അവര്‍ കണക്കുകൂട്ടുന്നു. അതേസമയം സോണിയാ ഗാന്ധി ആരോഗ്യകാരണങ്ങളാല്‍ രാഷ്ട്രീയപ്രവര്‍ത്തനങ്ങളില്‍നിന്ന് സജീവമാകാത്ത സാഹചര്യമുണ്ടായാല്‍ പവാറിനെപ്പോലെയുള്ള മുതിര്‍ന്ന നേതാക്കള്‍ കോണ്‍ഗ്രസിലേക്ക് മടങ്ങിവരണമെന്നും ഒരുവിഭാഗം നേതാക്കള്‍ വാദിക്കുന്നു. യുപിഎ അധ്യക്ഷ സ്ഥാനം പവാറിനു നല്‍കി പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ്മ കരുത്തുറ്റതാക്കുക മാത്രമാണ് ബിജെപിയുടെ മുന്നേറ്റത്തിനു തടയിടാനുള്ള പോംവഴിയെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.