ഇന്ത്യക്കെതിരായ ആദ്യ ടി-20 മത്സരത്തിൽ ഓസ്ട്രേലിയക്ക് 162 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ വിക്കറ്റ് നഷ്ടത്തിലാണ് 161 റൺസ് നേടിയത്. 51 റൺസെടുത്ത കെഎൽ രാഹുലാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. രവീന്ദ്ര ജഡേജ (44), സഞ്ജു (23)എന്നിവരും തിളങ്ങി. ഓസ്ട്രേലിയക്കായി മോയിസസ് ഹെൻറിക്കസ് മൂന്ന് വിക്കറ്റ് വീഴ്ത്തി.

തിരിച്ചടിയോടെയാണ് ഇന്ത്യ ഇന്നിംഗ്സ് ആരംഭിച്ചത്. മൂന്നാം ഓവറിൽ തന്നെ മിച്ചൽ സ്റ്റാർക്ക് ശിഖർ ധവാനെ ക്ലീൻ ബൗൾഡാക്കുമ്പോൾ സ്കോർ ബോർഡിലുണ്ടായിരുന്നത് വെറും 11 റൺസായിരുന്നു. രണ്ടാം വിക്കറ്റിൽ വിരാട് കോലി-ലോകേഷ് രാഹുൽ സഖ്യം 37 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ, കോലി 9 റൺസ് മാത്രമെടുത്ത് പുറത്തായി. സ്വന്തം ബൗളിംഗിൽ മിച്ച് സ്വെപ്സൺ ആണ് ഇന്ത്യൻ ക്യാപ്റ്റനെ പിടികൂടിയത്.

നാലാം നമ്പരിൽ സഞ്ജു സാംസൺ ആണ് ഇറങ്ങിയത്. നന്നായി ബാറ്റ് ചെയ്ത ഇരുവരും ചേർന്ന് അഞ്ചാം വിക്കറ്റിൽ 38 റൺസ് കൂട്ടിച്ചേർത്തു. ഇതിനിടെ 37 പന്തുകളിൽ രാഹുൽ ഫിഫ്റ്റി തികച്ചു. ഇടക്കിടെ ബൗണ്ടറികൾ കണ്ടെത്തി നന്നായി ബാറ്റ് ചെയ്തിരുന്ന സഞ്ജു പുറത്തായത് ഇന്ത്യൻ ഇന്നിംഗ്സിലെ വഴിത്തിരിവായത്. സഞ്ജുവിനെ ഹെൻറിക്കസ് മിച്ച് സ്വെപ്സണിൻ്റെ കൈകളിൽ എത്തിച്ചു. മനീഷ് പാണ്ഡെ (2) വേഗം പുറത്തായി. പാണ്ഡെയെ ആദം സാമ്പയുടെ പന്തിൽ ഹേസൽവുഡ് പിടികൂടി. പിന്നാലെ രാഹുലും പുറത്തായി. 51 റൺസെടുത്ത രാഹുൽ ഹെൻറിക്കസിൻ്റെ പന്തിൽ ഷോൺ അബ്ബോട്ടിൻ്റെ കൈകളിൽ അവസാനിക്കുകയായിരുന്നു.

ആറാം വിക്കറ്റിൽ ഹർദ്ദിക് പാണ്ഡ്യ-രവീന്ദ്ര ജഡേജ സഖ്യം ഇന്ത്യൻ ഇന്നിംഗ്സിനെ റീബിൽഡ് ചെയ്യാൻ ശ്രമിച്ചെങ്കിലും ഹെൻറിക്കസിൻ്റെ ഗംഭീര ബൗളിംഗ് അതിനു തടയിട്ടു. ഹർദ്ദിക് പാണ്ഡ്യയെ (16) സ്റ്റീവ് സ്മിത്തിൻ്റെ കൈകളിലെത്തിച്ച താരം ഇന്ത്യയെ കടുത്ത സമ്മർദ്ദത്തിലാക്കി.വാഷിംഗ്ടൺ സുന്ദർ (7) സ്റ്റാർക്കിൻ്റെ പന്തിൽ ഷോൺ അബ്ബോട്ടിനു പിടികൊടുത്ത് മടങ്ങി. എന്നാൽ അവസാന ഓവറുകളിൽ തകർത്തടിച്ച ജഡേജ ഇന്ത്യയെ ഭേദപ്പെട്ട സ്കോറിൽ എത്തിക്കുകയായിരുന്നു.