സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷിന്റേയും സരിത്തിന്റേയും രഹസ്യമൊഴി രേഖപ്പെടുത്തി. കസ്റ്റംസ് കേസിലാണ് രഹസ്യമൊഴി എടുത്തത്. കുറ്റകൃത്യത്തിൽ ഉൾപ്പെട്ട ഉന്നത വ്യക്തികളെ കുറിച്ച് മൊഴിയിലുള്ളതായാണ് സൂചന.

സ്വര്‍ണക്കടത്ത് കേസില്‍ എം. ശിവശങ്കര്‍ കൂടാതെ കൂടുതല്‍ ഉന്നതര്‍ ഉള്‍പ്പെട്ടതായി ബോധ്യപ്പെട്ടുവെന്ന് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു. വന്‍ സ്രാവുകളാണ് കേസിന്റെ ഭാഗമായുള്ളത്. ഗൗരവതരമായ ഇടപെടല്‍ കള്ളക്കടത്തില്‍ ഇവര്‍ നടത്തിയെന്ന് സ്വപ്നയും സരിത്തും കസ്റ്റംസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. ഇക്കാര്യത്തില്‍ കാര്യക്ഷമമായ അന്വേഷണം നടത്തി സത്യം പുറത്തു കൊണ്ടുവരണമെന്നും കോടതി പറഞ്ഞിരുന്നു. ഗുരുതരമെന്ന് കോടതിക്ക് പോലും തോന്നിയ അതേ മൊഴി തന്നെ മജിസ്ട്രേറ്റിന് മുന്നിലും 164 സ്റ്റേറ്റ്മെന്റായി സ്വപ്നയും സരിത്തും നല്‍കിയെന്നാണ് വിവരം.

കേസിലെ പ്രധാന പ്രതികളുടെ രഹസ്യമൊഴി രേഖപ്പെടുത്തിയ പശ്ചാത്തലത്തില്‍ ഇനി അന്വേഷണം കസ്‌റ്റംസ് കടുപ്പിക്കും. പ്രതികള്‍ നല്‍കിയ മൊഴിയില്‍ പേര് പരാമര്‍ശിക്കപ്പെട്ടവര്‍ വരും ദിവസങ്ങളില്‍ കൊച്ചിയിലെ കസ്റ്റംസ് ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് വിധേയരാകേണ്ടി വരും. ശിവശങ്കറിനേക്കാള്‍ ഉന്നതരെന്ന് കോടതി പോലും പറഞ്ഞ വ്യക്തികളാരെന്ന് പരസ്യമാക്കപ്പെടും. അന്വേഷണം കോടതി നിരീക്ഷണത്തിലായതിനാല്‍ കസ്റ്റംസിനും സമ്മര്‍ദ്ദമേറും