ഹൂസ്റ്റൺ∙ ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കയുടെ 2020 – 2022 വർഷത്തെ സതേൺ റീജിയൺ പ്രവർത്തനോദ്ഘാടനം, 2020 നവംബർ 29 ന് വൈകിട്ട് അഞ്ചിന് ഗ്രേറ്റർ ഹൂസ്റ്റൺ മലയാളി അസോസിയേഷൻ ആസ്ഥാനമായ കേരള ഹൗസിൽ വർണ്ണ ഗംഭീരമായ ചടങ്ങുകളോടെ നടന്നു. യൂത്ത് ഫോറം ചെയർ മെവിൻ ജോൺ എബ്രഹാമിന്റെ പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ച ചടങ്ങിൽ വുമൻസ് ഫോറം ചെയർ ഷിബി റോയ് എംസി ആയി പ്രവർത്തിച്ചു.

ബേബി മണക്കുന്നേൽ സ്വാഗതം ആശംസിക്കയും ഫോമ നാഷനൽ പ്രസിഡന്റ് അനിയൻ ജോർജിനെ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നടത്തുന്നതിനായി ക്ഷണിക്കുകയും ചെയ്തു. തുടർന്ന് ദീപം, റീജനൽ സാരഥികളായ തോമസ് ഒലിയാംകുന്നേൽ, ഡോ. സാം ജോസഫിനും കൈമാറി. 2018 2020 പ്രവർത്തന വർഷത്തെ റിപ്പോർട്ട് റീജണൽ വൈസ് പ്രസിഡന്റ് തോമസ് ഒലിയാംകുന്നേൽ അവതരിപ്പിക്കുകയും തുടർന്ന് 2020 2022 വർഷത്തെ റീജണൽ വൈസ് പ്രസിഡൻറ് ഡോ. സാം ജോസഫിന് സ്ഥാനം കൈമാറുകയും ചെയ്തു.

അതിനുശേഷം നാഷണൽ കമ്മിറ്റി അംഗം എം ജി മാത്യു ഫോമാ പ്രസിഡൻറ് അനിയൻ ജോർജിനെ സദസിന് പരിചയപ്പെടുത്തുകയും മുൻ ഫോമാ ട്രാൻസ്പോർട്ടേഷൻ ചെയർ സണ്ണി കാരിക്കൽ പൊന്നാടയണിയിച്ച് ആനയിക്കുകയും ചെയ്തു. 14 വയസ്സുള്ള യൗവനയുക്തയായ ഫോമ എന്ന തരുണീമണിയെയാണ് അനിയൻ ജോർജിൻറെ കയ്യിൽ ഭരമേൽപ്പിച്ചിരിക്കുന്നത് എന്ന് എംജി മാത്യു സ്വതസിദ്ധമായ നർമ്മ ശൈലിയിൽ പറഞ്ഞത് കരഘോഷങ്ങളോടെ ആണ് സദസ്സ് സ്വീകരിച്ചത്.

ഏറ്റെടുത്തിരിക്കുന്ന ഉത്തരവാദിത്വത്തെ പറ്റി തനിക്ക് പൂർണബോധ്യം ഉണ്ടെന്നും ഫോമ എന്ന സംഘടനയുടെ സ്വാധീനം അമേരിക്കയിലെ പല പ്രവർത്തന മേഖലകളിലേക്കും വ്യാപിപ്പിക്കുമെന്നും അനിയൻ ജോർജ് മറുപടി പ്രസംഗത്തിൽ പറഞ്ഞു. അതിനുശേഷം മിസോറി സിറ്റി മേയർ സ്ഥാനത്തേക്ക് മത്സരിക്കുന്ന റോബിൻ ഇലക്കാട്ടിൽ മേയർ സ്ഥാനത്തേക്ക് മത്സരിച്ച് ജയിക്കുന്നത് മലയാളികൾക്ക് എന്നും അഭിമാനമാണ് എന്നു പറഞ്ഞുകൊണ്ട് അദ്ദേഹത്തിനു ഫോമയുടെ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. അതിനു ശേഷം ഫോമ നടത്തിയ നാടക മേളയിൽ സമ്മാനർഹമായ മാഗ് അവതരിപ്പിച്ച നാടകത്തിന് അവാർഡ് നൽകി ആദരിച്ചു.

ഡോ സാം ജോസഫ് ആണ് മാഗിനു വേണ്ടി അവാർഡ് സ്വീകരിച്ചത്. മാഗ് ട്രസ്റ്റി ബോർഡ് ചെയർമാൻ തോമസ് ചെറുകര, സ്റ്റാഫോർഡ് മലയാളി അസോസിയേഷൻ പ്രസിഡന്റ് ജിജി ഒലിക്കൻ, ഐപിസിഎൻഎ പ്രസിഡന്റ് ഡോ. ജോർജ് എം.കാക്കനാട്ട്, ഫോമാ മുൻ പ്രസിഡന്റ് ശശിധരൻ നായർ, ഫോമ ജോയിൻ സെക്രട്ടറി ജോസ് മണക്കാട് ജോയിൻ ട്രഷറർ ബിജു തോണി കടവിൽ മാധ്യമ പ്രവർത്തകൻ എ.സി.ജോർജ്, ചാരിറ്റി ഫോറം ചെയർ ജോസ് പുന്നൂസ് എന്നിവർ ആശംസകൾ അറിയിച്ചു.