ഹൂസ്റ്റൺ∙റൺ ഓഫിൽ എത്തി നിൽക്കുന്ന മിസോറി സിറ്റി മേയർ സ്ഥാനാർഥി റോബിൻ ഇലക്കാട്ടിനെ കേരളാ ഹൗസിൽ നടന്ന ലളിതമായ ചടങ്ങിൽ ജോർജ് കൊളാച്ചേരിൽ ഇൻട്രഡ്യൂസ് ചെയ്യുകയും തുടർന്ന് ഫോമക്ക് വേണ്ടി പ്രസിഡന്റ് അനിയൻ ജോർജ് റോബിനെ എൻഡോർസ് ചെയ്യുകയും ചെയ്തു. മാഗിന് വേണ്ടി മാഗ് പ്രസിഡന്റ് ഡോ. സാം ജോസഫ് ആണ് റോബിനെ എൻഡോർസ് ചെയ്തത്.

നീണ്ട വർഷങ്ങൾ പൊതുരംഗത്തു പ്രവർത്തിച്ചു പരിചയം ഉള്ള റോബിൻ നഗരാധിപൻ ആകുന്നത് മലയാളികൾക്ക് അഭിമാനമാണ് എന്ന് അനിയൻ ജോർജ് പ്രസ്താവിച്ചു. ന്യൂയോർക്കിൽ നിന്നും സെനറ്റർ സ്ഥാനത്തേക്ക് മത്സരിച്ചു വിജയിച്ച കെവിൻ തോമസിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടി എല്ലാ മലയാളികളും റോബിന് വോട്ടു ചെയ്യണം എന്നും അനിയൻ ജോർജ് ആഹ്വാനം ചെയ്തു.

പല വർഷങ്ങളിലെ ഇടവേളയ്ക്ക് ശേഷം ബിസിനസ്സ് രംഗത്തുനിന്നും പൊതുരംഗത്തേക്ക് സജീവമായി തിരിച്ചെത്തുന്ന റോബിൻ വിജയിച്ചാൽ ഗ്രേറ്റർ ഹൂസ്റ്റണിലെ ആദ്യ മലയാളിയായ മേയർ എന്ന ചരിത്ര നിമിഷത്തിലേക്കാണ് റോബിൻ കാലെടുത്തു വയ്ക്കുന്നതെന്നു ഡോ. സാം ജോസഫ് പറഞ്ഞു. യുവത്വത്തിന്റെ പ്രസരിപ്പും കർമ്മോൽസുകതയാർന്ന പ്രവർത്തന മികവും കാഴ്ച വച്ചുള്ള റോബിന്റെ തിരഞ്ഞെടുപ്പു പ്രചാരണം ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞിരിക്കുന്നു.

ഇന്നാരംഭിക്കുന്ന ഏർളി വോട്ടിങ്ങിൽ എല്ലാ മലയാളികളും വന്നു തനിക്കു വോട്ടു ചെയ്തു വിജയിപ്പിക്കണം എന്ന് റോബിൻ മറുപടിയായി പറഞ്ഞു. അച്ചടക്കമുള്ള സാമ്പത്തിക രംഗം ഉറപ്പുവരുത്തും എന്നും, അതോടൊപ്പം ഒരേ സ്ഥാനത്തു ഒരാൾ തന്നെ പല നീണ്ട വർഷങ്ങൾ തുടരുന്നതു പരിമിതപ്പെടുത്തുമെന്നും മിസ്സോറി സിറ്റിയുടെ മുഖച്ഛായ മാറ്റിമറിക്കാനാകുന്ന ഗുണനിലവാരമുള്ള സംരംഭങ്ങളെ സ്വാഗതം ചെയ്യുമെന്നും റോബിൻ കൂട്ടിച്ചേർത്തു.