തിരുവനന്തപുരം: കെഎസ്എഫ്ഇ റെയ്ഡിലെ തുടർ നടപടികളുമായി മുന്നോട്ട് പോകുമെന്ന് വിജിലൻസ്. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലായുള്ള കെഎസ്എഫ്ഇ സ്ഥാപനങ്ങളിൽ നടന്ന പരിശോധനയിൽ ലഭ്യമായ വിവരങ്ങൾ ക്രോഡീകരിച്ച് സർക്കാരിന് നൽകുമെന്ന് വിജിലൻസ് വൃത്തങ്ങൾ അറിയിച്ചു.വരും ദിവസങ്ങളിലും റെയ്ഡ് തുടരും. ക്രമക്കേടുകൾ സംബന്ധിച്ച് വിശദമായ റിപ്പോർട്ട് തയ്യാറാക്കി വരികയാണെന്നും വിജിലൻസ് വ്യക്തമാക്കി. വലിയ തുക മാസത്തവണയിൽ ചേർന്നവരുടെ വിശദാംശങ്ങളും വിജിലൻസ് ശേഖരിക്കുന്നുണ്ട്. ചിട്ടികളിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് 40 കെ എസ് എഫ് ഇ ഓഫീസുകളിൽ നടത്തിയ പരിശോധനയിൽ 35 ഓഫീസുകളിലും ക്രമക്കേട് കണ്ടെത്തിയിരുന്നു.

പിരിക്കുന്ന പണം ട്രഷറിയിലോ ബാങ്കിലോ നിക്ഷേപിക്കുന്നില്ലെന്നും ബിനാമി പേരുകളിൽ ജീവനക്കാർ ചിട്ടിപിടിക്കുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. ബ്രാഞ്ച് മാനേജർമാരുടെ ഒത്താശയോടെ ചില വ്യക്തികൾ ബിനാമി ഇടപാടിൽ ക്രമക്കേട് നടത്തുന്നതായി പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കെഎസ്എഫ്ഇ സ്ഥാപനങ്ങളിൽ വിജിലൻസ് പരിശോധന നടത്തിയത്. വിജിലൻസ് നടപടിക്കെതിരെ സർക്കാർ കേന്ദ്രങ്ങളിൽ നിന്നും അതൃപ്തി ഉയരുന്നുണ്ടെങ്കിലും അന്വേഷണവുമായി മുന്നോട്ട് പോകാനാണ് വിജിലൻസിന്റെ തീരുമാനം.