ഹരിയാനയിലെ കുരുക്ഷേത്രയിൽ കർഷകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ച് പൊലീസ്. നാളത്തെ ഡൽഹി ചലോ മാർച്ചിൽ പങ്കെടുക്കാൻ പുറപ്പെട്ട കർഷകരെ പൊലീസ് തടഞ്ഞതോടെയാണ് സംഘർഷമുണ്ടായത്. നാളെയും മറ്റന്നാളുമായി നിശ്ചയിച്ചിരിക്കുന്ന കർഷക സമരത്തിന് ഡൽഹി പൊലീസ് അനുമതി നിഷേധിച്ചിരുന്നു. വൻ പൊലീസ് സന്നാഹമാണ് ഡൽഹി അതിർത്തിയിൽ ഉടനീളം വിന്യസിച്ചിരിക്കുന്നത്.

അംബാലയിൽ പൊലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ മറികടന്നതിനു പിന്നാലെയാണ് കർഷകർക്ക് നേരെ ജലപീരങ്കി പ്രയോഗം ഉണ്ടായത്. എന്നാൽ, ഇത് കറികടന്ന് കർഷകർ കർണാലിലേക്കുള്ള യാത്ര തുടർന്നു. ചിലർ സോനിപതിലെത്തി ഇന്ന് രാത്രി ചെലവഴിച്ച ശേഷം നാളെ പുലർച്ചെ ഡൽഹിക്ക് പുറപ്പെടും. ഗുഡ്ഗാവിലെ ഡൽഹി-ഹരിയാന അതിർത്തിയിൽ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. ഡൽഹിയിലേക്ക് കർഷകരെ കടത്തിവിടരുതെന്നാണ് അവർക്ക് ലഭിച്ചിരിക്കുന്ന നിർദ്ദേശം.

 

യുപി, ഹരിയാന, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, കേരളം, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ കർഷക സംഘടനകളാണ് കർഷിക ബില്ലിനെതിരെ ഡൽഹിയിൽ പ്രതിഷേധം സംഘടിപ്പിക്കാൻ തീരുമാനിച്ചത്. എന്നാൽ, കൊവിഡ് പശ്ചാത്തലത്തിൽ പൊലീസ് പ്രതിഷേധത്തിന് അനുമതി ന്നൽകിയിട്ടില്ല. എന്നാൽ, നാളെ ഡൽഹിയിൽ എത്തുകയെന്ന ലക്ഷ്യത്തോടെ കർഷകർ യാത്ര ചെയ്യുകയാണ്.