ന്യൂഡൽഹി∙ കേരളത്തിൽ ഇതുവരെ 2.9 ലക്ഷം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാതെ പോയിരിക്കാമെന്നു ടിവി ചാനൽ റിപ്പോർട്ട്. ഇതടക്കം രാജ്യത്ത് 34 ലക്ഷം കേസുകൾ റിപ്പോർട്ട് ചെയ്യാപ്പെടാതെ പോയെന്നാണ് എൻഡിടിവി പുറത്തു വിട്ട റിപ്പോർട്ടിലെ പരാമർശം.

കോവിഡ് നിർണയത്തിലെ ആധികാരികമെന്നു വിശേഷിപ്പിക്കപ്പെടുന്ന ആർടിപിസിആർ പരിശോധന കേരളമടക്കം ആറ് സംസ്ഥാനങ്ങളിൽ 50 ശതമാനത്തിൽ താഴെ മാത്രമേ നടന്നിട്ടുള്ളു. ബിഹാർ, തെലങ്കാന, ഗുജറാത്ത്, ഡൽഹി, യുപി, എന്നി സംസ്ഥാനങ്ങളാണ് പട്ടികയിൽ ഉള്ളത്. കേരളത്തിൽ 50% കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നു റിപ്പോർട്ടിൽ പറയുന്നു.

കൂടുതൽ ആന്റിജൻ പരിശോധന നടന്ന സംസ്ഥാനങ്ങളിൽ കാര്യമായി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്നുണ്ട്. കേരളത്തിൽ 53% കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഡൽഹിയും മഹാരാഷ്ട്രയും മാത്രം 10 ലക്ഷം കേസുകൾ കണ്ടെത്താതെ പോയിരിക്കാമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

കേരളത്തിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ യഥാർഥ കണക്ക് സർക്കാർ മറച്ചുവയ്ക്കുന്നതായി പഠനത്തിൽ കണ്ടെത്തിയെന്ന് രാജ്യാന്തര മാധ്യമമായ ബിബിസി കഴിഞ്ഞ ദിവസം പുറത്തു വിട്ട റിപ്പോർട്ടിലും പരാമർശമുണ്ടായിരുന്നു. ഡോ. അരുൺ എൻ. മാധവന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തെ അടിസ്ഥാനമാക്കിയാണ് ബിബിസി റിപ്പോർട്ട് പുറത്തുവിട്ടത്. യുഎസ് കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ രോഗബാധ റിപ്പോർട്ടു ചെയ്തതും ഇന്ത്യയിലാണ്. ലോകത്തിലെ തന്നെ ഏറ്റവും കുറഞ്ഞ മരണനിരക്കും ഇന്ത്യയിലാണ്.

പല സംസ്ഥാനങ്ങളും യഥാവിധി കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യാത്തതാണ് രാജ്യത്തെ മരണനിരക്കിലെ കുറവ് വ്യക്തമാക്കുന്നതെന്നാണ് ചില വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. പ്രത്യേക ഓൺലൈൻ കോവിഡ് ഡാഷ്ബോർഡിലൂടെ കണക്കുകൾ ഏറ്റവും സുതാര്യമെന്ന് അവകാശപ്പെടുമ്പോഴും കേരളത്തിൽ കോവിഡ് മരണങ്ങൾ കൃത്യമായി രേഖപ്പെടുത്തുന്നില്ലെന്ന് ഡോ. അരുൺ അഭിപ്രായപ്പെട്ടിരുന്നു.