കോവിഡ് എന്ന മഹാമാരിക്കൊപ്പം നാം ജീവിതം തുടങ്ങിയിട്ട് ഒരു വര്‍ഷം പിന്നിട്ടു. തുടക്കത്തിലെ ജാഗ്രത പിന്നീട് നിലനിര്‍ത്താന്‍ സാധിക്കാത്തതാണ് രോഗത്തിന്റെ പിന്നീടുള്ള വലിയ വ്യാപനത്തിന് കാരണമായത്. ലോക്ഡൗണ്‍ ഒക്കെ മാറി ജീവിതം പതിയെ സാധാരണ നിലയിലേക്ക് മടങ്ങി തുടങ്ങിയെങ്കിലും ആശ്വസിക്കാന്‍ നേരമായിട്ടില്ല. ഇക്കാര്യത്തിലുണ്ടാകുന്ന ചെറിയ അശ്രദ്ധ നിങ്ങളുടെയും നിങ്ങളുടെ പ്രിയപ്പെട്ടവരുടെയും ജീവന്‍ അപകടത്തിലാക്കാം.

വിട്ടുവീഴ്ചയില്ലാത്ത ജാഗ്രത കോവിഡിനെതിരെ തുടരാനും ഇനിപറയുന്ന തെറ്റുകള്‍ വരുത്താതിരിക്കാനും നാമെല്ലാം ബാധ്യസ്ഥരാണ്.

1. ക്വാറന്റീന്‍ ചെയ്യാതിരിക്കുക

കോവിഡ് ബാധിച്ച ഒരാളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടു കഴിഞ്ഞാല്‍ നിര്‍ബന്ധമായും 14 ദിവസത്തേക്ക് സ്വയം ക്വാറന്റീനില്‍ ഇരിക്കണം. നിങ്ങള്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇത് നിര്‍ബന്ധമായും പിന്തുടരണം. രോഗം ബാധിച്ചവരില്‍ നല്ലൊരു പങ്കും ലക്ഷണങ്ങളില്ലാത്തവരാണെന്നതിനാല്‍ ഇക്കാര്യത്തില്‍ ഉപേക്ഷ പാടില്ല.

2. എക്‌സ്ഹലേഷന്‍ വാല്‍വുള്ള മാസ്‌ക്

പുറത്തേക്ക് ശ്വാസം വിടാന്‍ സഹായിക്കുന്ന എക്‌സ്ഹലേഷന്‍ വാല്‍വുള്ള മാസ്‌ക് അപകടകാരിയാണ്. വൈറസിന് ഈ വാല്‍വിലൂടെ ഉള്ളില്‍ കടക്കാനാകും. ശ്വാസം എടുക്കാനും പുറത്തേക്ക് വിടാനും സഹായിക്കും എന്നല്ലാതെ ഈ മാസ്‌ക് വായു ഫില്‍റ്റര്‍ ചെയ്യുന്നില്ല. ഇത് അണുബാധയ്ക്കുള്ള സാധ്യത വര്‍ധിപ്പിക്കും. രോഗബാധിതരായവര്‍ ഈ മാസ്‌ക് വയ്ക്കുന്നത് വൈറസ് മറ്റുള്ളവരിലേക്ക് പടര്‍ത്താനും കാരണമാകും.

3. അടഞ്ഞ ഇടങ്ങളിലെ കൂടിച്ചേരലുകള്‍

നിങ്ങളുടെ കുടുംബത്തിന്റെ ഒപ്പം നിങ്ങളുടെ വീടിനകത്ത് മാത്രമാണ് നിങ്ങള്‍ സുരക്ഷിതര്‍. പുറത്തിറങ്ങി കഴിഞ്ഞാല്‍ ആറടി ദൂരമെന്ന സാമൂഹിക അകലം നിര്‍ബന്ധമായും പാലിക്കണം. കൂടെയുള്ളവര്‍ നിങ്ങളുടെ ബന്ധുക്കളാണെങ്കിലും സുഹൃത്തുക്കളാണെങ്കിലും അയല്‍ക്കാരാണെങ്കിലും. സാമൂഹിക കൂടിച്ചേരലുകള്‍ പരമാവധി ഒഴിവാക്കുക. അടഞ്ഞ ഇടങ്ങളിലെ സാമൂഹിക കൂടിച്ചേരലുകള്‍ വൈറസ് വ്യാപനം വര്‍ധിപ്പിക്കും.

4. പനിയാണ് കോവിഡ് ലക്ഷണമെന്ന ധാരണ

”എനിക്ക് പനിയൊന്നും ഇല്ലലോ” എന്ന് കരുതി കോവിഡ് ഇല്ല എന്ന് ഉറപ്പിക്കരുത്. കോവിഡിന്റെ പല ലക്ഷണങ്ങളില്‍ ഒന്നു മാത്രമാണ് പനി. ചുമ, തലവേദന, പേശിവേദന, മണം നഷ്ടമാകല്‍, ക്ഷീണം, അതിസാരം എന്നിങ്ങനെ പല വിധം ലക്ഷണങ്ങള്‍ ഈ രോഗത്തിനുണ്ട്. അതിനാല്‍ തെര്‍മോമീറ്റര്‍ റീഡിങ്ങിനെ മാത്രം ആശ്രയിച്ച് സുരക്ഷിതരാണെന്ന ധാരണ നീക്കുക.

5. പ്രതിരോധം മാസ്‌കില്‍ ഒതുക്കുക

‘ഞാന്‍ മാസ്‌ക് വച്ചിട്ടുണ്ടല്ലോ, പിന്നെയെന്ത് വേണം’ എന്ന ധാരണയാണ് പലര്‍ക്കും. കോവിഡ് പ്രതിരോധത്തിന്റെ ഒരു നടപടിക്രമം മാത്രമാണ് മാസ്‌ക് ധരിക്കല്‍. വേറെയും സുരക്ഷാ മുന്‍കരുതലുകള്‍ ഇതിനെതിരെ സ്വീകരിക്കേണ്ടതുണ്ട്. സാമൂഹിക അകലം പാലിക്കല്‍, കൈകള്‍ സോപ്പും വെള്ളവും അല്ലെങ്കില്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് ഇടയ്ക്കിടെ ശുചിയാക്കല്‍, സ്ഥിരം സ്പര്‍ശിക്കാറുള്ള പ്രതലങ്ങള്‍ അണുവിമുക്തമാക്കല്‍, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മൂക്കും വായും മൂടി വയ്ക്കല്‍ എന്നിങ്ങനെ പലതും ചെയ്യാനുണ്ട്. ശരീരത്തിന്റെ പ്രതിരോധ ശേഷി മെച്ചപ്പെടുത്താനുള്ള മാര്‍ഗങ്ങളും സ്വീകരിക്കണം. മാസ്‌ക് കൊണ്ടു മാത്രം മഹാമാരിയെ പ്രതിരോധിച്ച് നിര്‍ത്താന്‍ ആവില്ലെന്ന് ചുരുക്കം.