മുപ്പത്താറാം വയസ്സിൽ വലിയൊരു പോരാട്ടം ജയിച്ച് മലയാളികളുടെ യശസ്സുയർത്തുകയാണ് കെവിൻ തോമസ്. അമേരിക്കയുടെ വാണിജ്യതലസ്ഥാനമായ ന്യൂയോർക്കിൽ ഇന്ത്യയുടെ അഭിമാനമുയർത്തുന്ന വിജയം. ന്യൂയോർക്ക് സംസ്ഥാന സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ വംശജനാണ്, പത്തനംതിട്ട റാന്നി സ്വദേശിയായ കെവിൻ. സിക്സ്ത്ത് ഡിസ്ട്രിക്ടിൽനിന്ന് 2018ൽ കെവിൻ നേടിയ ആദ്യവിജയം തീപാറുന്ന മത്സരത്തിനൊടുവിലായിരുന്നെങ്കിൽ ഇത്തവണ അത് അക്ഷരാർഥത്തിലെ പോരാട്ടമായിരുന്നു. കാരണം, കെവിനെതിരെ അണിനിരന്നത് ന്യൂയോർക്കിലെ പൊലീസ് യൂണിയനുകൾ ഉൾപ്പെടെയാണ്.

യുഎസ് പാർലമെന്റിൽ ഉപരിസഭയായ സെനറ്റ്, അധോസഭയായ ജനപ്രതിനിധി സഭ എന്നതുപോലെ സംസ്ഥാനങ്ങൾക്കും രണ്ടു സഭകളുണ്ട്. ദേശീയതലത്തിൽ ജനപ്രതിനിധി സഭയിലെ അംഗങ്ങൾക്ക് രണ്ടു വർഷവും സെനറ്റ് അംഗങ്ങൾക്ക് 6 വർഷവുമാണ് കാലാവധി. സംസ്ഥാനങ്ങളിലും അധോസഭകളുടെ കാലാവധി 2 വർഷം തന്നെ; സെനറ്റിന്റെ കാലാവധി ഓരോ സംസ്ഥാനത്തെയും നിയമമനുസരിച്ച് വ്യത്യാസം വരാം. ന്യൂയോർക്ക് സംസ്ഥാനത്തെ സെനറ്റിനും നിയമസഭയ്ക്കും രണ്ടു വർഷമാണ് കാലാവധി. സെനറ്റിൽ 63 അംഗങ്ങളും നിയമസഭയിൽ 150 അംഗങ്ങളുമാണുള്ളത്. സെനറ്റിലേക്കും നിയമസഭയിലേക്കുമുള്ള പ്രതിനിധികളെ ജനങ്ങൾ നേരിട്ടു വോട്ട് ചെയ്താണു തിരഞ്ഞെടുക്കുന്നത്.