ജീവിതപങ്കാളിയെ തെരഞ്ഞെടുക്കാനുള്ള അവകാശം മൗലികാവകാശമെന്ന് അലഹബാദ് ഹൈക്കോടതി. ഏത് മതത്തിൽ വിശ്വസിക്കുന്നുവെന്നത് വിഷയമല്ല. ഒരു വ്യക്തിക്ക് തന്റെ ഇഷ്ടപ്രകാരമുള്ള ഇണയ്‌ക്കൊപ്പം ജീവിക്കാം. ഇത് വ്യക്തി സ്വാതന്ത്ര്യത്തിന്റെയും, ജീവിക്കാനുള്ള അവകാശത്തിന്റെയും ഭാഗമാണെന്ന് കോടതി വ്യക്തമാക്കി.

വിവാഹത്തിനായി മതം മാറിയത് അംഗീകരിക്കാനാകില്ലെന്ന വിധി റദ്ദാക്കിക്കൊണ്ടാണ് സുപ്രധാന ഉത്തരവ്. ഹിന്ദു യുവതിയെ മുസ്ലിം യുവാവ് വിവാഹം ചെയ്തതുമായി ബന്ധപ്പെട്ടായിരുന്നു ഹർജി. ദമ്പതികളെ മതത്തിന്റെ അടിസ്ഥാനത്തിലല്ല, പ്രായപൂർത്തിയായ വ്യക്തികളെന്ന നിലയിലാണ് കാണുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. ലവ് ജിഹാദ് നേരിടാനെന്ന മട്ടിൽ ഉത്തർപ്രദേശ് സർക്കാർ നിയമനിർമാണത്തിന് ഒരുങ്ങുമ്പോഴാണ് നിർണായക ഉത്തരവെന്നത് ശ്രദ്ധേയമാണ്.