തിരുവനന്തപുരം : ശബരിമലയില്‍ പ്രതിദിനം പ്രവേശിപ്പിക്കുന്ന ഭക്തരുടെ എണ്ണം കൂട്ടണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കത്ത് നല്‍കിയിരിക്കുന്നു. നിലവില്‍ പ്രതിദിനം ആയിരം പേരെയാണ് ശബരിമലയില്‍ പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ കൊവിഡ് സാഹചര്യത്തില്‍ ഇത്രയും പേര്‍ ദര്‍ശനത്തിനെത്തുന്നില്ല.

ബുക്ക് ചെയ്തവരില്‍ പോലും പലരും എത്താത്ത സാഹചര്യമുണ്ട്. എന്നാല്‍ അതേസമയം, അയല്‍സംസ്ഥാനങ്ങളില്‍ നിന്നും നിരവധി പേരാണ് ദര്‍ശനത്തിനായി ദേവസ്വം ബോര്‍ഡിനോട് അനുമതി തേടിയിരിക്കുന്നത്. ഇക്കാരണത്താലാണ് പ്രതിദിനം പ്രവേശിപ്പിക്കാന്‍ അനുവദിച്ചിരിക്കുന്ന തീര്‍ഥാടകരുടെ എണ്ണം ഉയര്‍ത്തണമെന്ന് കാട്ടി ദേവസ്വം ബോര്‍ഡ് സര്‍ക്കാരിനെ സമീപിച്ചിരിക്കുന്നത്. സാമൂഹ്യ അകലം ഉള്‍പ്പെടെയുള്ള കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ പ്രതിദിനം പതിനായിരം പേര്‍ക്ക് ശബരിമലയില്‍ ദര്‍ശനം നല്‍കാന്‍ കഴിയുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു പറഞ്ഞു.

മണ്ഡലകാലത്ത് പ്രതിദിന വരുമാനം കോടികള്‍ കടക്കാറുള്ള ശബരിമലയില്‍ ഇത്തവണ പത്ത് ലക്ഷം രൂപ വരെയാണ് കിട്ടുന്നതെന്നും തീര്‍ഥാടകരുടെ എണ്ണം വര്‍ദ്ധിക്കാതെ ഈ സാഹചര്യം മാറില്ലെന്നും അതുകൊണ്ടാണ് ഇക്കാര്യമുന്നയിച്ച്‌ സര്‍ക്കാരിന് കത്ത് നല്‍കിയതെന്നും എന്‍. വാസു പറഞ്ഞു.