രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 37,975 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 91,77, 841 ആയി. 480 കൊവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 4,38,667 പേരാണ് നിലവില്‍ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. 42,314 പേര്‍ കൊവിഡ് മുക്തി നേടി.
86,04,955 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. മരണസംഖ്യ 1,34,218 ആയി. രോഗമുക്തി നിരക്ക് 93.76 ശതമാനമായി ഉയര്‍ന്നു.

രാജ്യത്ത് കൊവിഡ് വാക്‌സിന്‍ വിതരണ നടപടികള്‍ നിര്‍ണായകഘട്ടത്തിലാണ്. ജനുവരി അവസാനം വാക്‌സിന്‍ വിതരണം ആരംഭിക്കാന്‍ സാധിച്ചേക്കും എന്നാണ് സൂചന. കൊവിഷീല്‍ഡ് വാക്‌സിന്‍ പരീക്ഷണം ഇന്ത്യയില്‍ പൂര്‍ത്തിയായി. അടിയന്തര ഉപയോഗത്തിനുള്ള അനുമതിക്കായി കാത്തിരിക്കുകയാണ്. ജനുവരി അവസാനമോ ഫെബ്രുവരി ആദ്യമോ പത്തുകോടി വാക്‌സിന്‍ വിതരണം ആരംഭിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡോസിന് 250 വിലയിലായിരിക്കും സര്‍ക്കാറിന് കമ്പനി വാക്‌സിന്‍ നല്‍കുക. രണ്ട് ഡോസിന് പൊതുവിപണിയില്‍ ആയിരം രൂപ നിരക്കില്‍ ലഭ്യമാക്കുമെന്ന് സെറം സിഇഒ അഡാര്‍ പൂനംപാല പറഞ്ഞു. ആദ്യ മുന്‍ഗണന ഒരു കോടിയോളം ഉള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്കായിരിക്കും. ഇതിനായുള്ള സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളിലെ ആരോഗ്യ പ്രവര്‍ത്തകരുടെ പട്ടിക കേന്ദ്രസര്‍ക്കാര്‍ തയാറാക്കുകയാണ്. പിന്നീട് പ്രായമായവര്‍ക്കും, പ്രതിരോധപ്രവര്‍ത്തന രംഗത്ത് ഉണ്ടായവര്‍ക്കും വാക്‌സിന്‍ വിതരണം നടത്താനാണ് നീക്കം