ഡല്‍ഹി: ഡല്‍ഹി ശൈത്യത്തിന്റെ പിടിയിലമര്‍ന്നു. ഇന്നലെ രേഖപ്പെടുത്തിയ കുറഞ്ഞ താപനില 7.5 ഡിഗ്രി സെഷ്യല്‍സ്. ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഒക്ടോബര്‍ മുതലാണ് ഡല്‍ഹിയില്‍ ശൈത്യം ആരംഭിക്കുന്നത്.

പടിഞ്ഞാറന്‍ ഹിമാലയത്തിലെ മഞ്ഞുവീഴ്ചയും കാറ്റുമാണ് താപനില കുറയാന്‍ ഇടയാക്കിയത്. ഈ സ്ഥിതി വരുന്ന രണ്ടു ദിവസംകൂടി തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കിയത്. 2006ലാണ് ഇതിനു മുമ്ബ് ഈ സീസണില്‍ താപനില ഇത്രയും കുറഞ്ഞത്. നവംബറില്‍ സാധാരണ നിലയ്ക്ക് താപനില 10 ഡിഗ്രിയില്‍ താഴേക്ക് പോകുന്ന പതിവില്ല.

അന്തരീക്ഷ മലിനീകരണ തോതും തലസ്ഥാന നഗരിയില്‍ ഉയര്‍ന്നു നില്‍ക്കുകയാണ്. ഇന്ന് രാവിലെ രാസവിഷ പാളിയുടെ കട്ടിയുള്ള ആവരണം യമുനാ നദിയില്‍ രൂപപ്പെട്ടു.

വ്യവസായ മാലിന്യങ്ങളും സോപ്പുപൊടിയും വന്‍തോതിലാണ് നദിയിലേക്ക് തള്ളിവിടുന്നത്. ഇത് ജലത്തില്‍ ഫോസ്‌ഫേറ്റിന്റെ അളവ് വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.