കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചെന്നൈയില്‍ എത്തി. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള നിര്‍ണായക രാഷ്ട്രീയ കൂടിക്കാഴ്ചകള്‍ അമിത് ഷാ നടത്തിയേക്കും. ഉച്ചയ്ക്ക് 1.40 ഓടെ ചെന്നൈയിലെത്തിയ അമിത് ഷായെ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ പനീര്‍സെല്‍വം, ബിജെപി നേതാക്കള്‍ എന്നിവര്‍ സ്വീകരിച്ചു. വിമാനത്താവളത്തില്‍ നിന്ന് പുറത്തെത്തിയ അമിത് ഷാ വാഹനത്തില്‍ നിന്ന് നിന്നിറങ്ങി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു.

സംസ്ഥാനത്തെ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിന് ശേഷം നിര്‍ണായക രാഷ്ട്രീയ യോഗങ്ങളില്‍ പങ്കെടുക്കും. രജനികാന്ത്-അമിത് ഷാ കൂടിക്കാഴ്ച നീണ്ട് പോയേക്കും. ഇരുവരുടെയും ഓഫീസ് കൂടിക്കാഴ്ചയുടെ സ്ഥിരീകരണം ഇതുവരെ നല്‍കിയിട്ടില്ല.

സംസ്ഥാനത്ത് ചുവടുറപ്പിക്കാനുള്ള ബിജെപിയുടെ വെട്രിവേല്‍ യാത്ര പുരോഗമിക്കുകയാണ്. വേല്‍യാത്ര അണ്ണാ ഡിഎംകെ സര്‍ക്കാര്‍ തടഞ്ഞത് ബിജെപിയുമായുള്ള സഖ്യത്തിന് അഭിപ്രായ വ്യത്യാസങ്ങള്‍ ഇടയാക്കിയിരുന്നു. ബിജെപി യോഗത്തിന് ശേഷം അമിത് ഷാ പങ്കെടുക്കുന്ന എന്‍ഡിഎ യോഗത്തില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതിനിടെ സ്റ്റാലിനുമായി ഇടഞ്ഞുനില്‍ക്കുന്ന അളഗിരി അമിത് ഷാ യുമായി നാളെ കൂടിക്കാഴ്ച നടത്താനാണ് സാധ്യത. .ഇതിനിടെ അളഗിരിയുടെ അടുത്ത അനുയായിയും മുന്‍ ഡിഎംകെ എംപിയുമായ കെപി രാമലിംഗം ബിജെപിയില്‍ ചേര്‍ന്നു.