ഡല്‍ഹി: ഭര്‍ത്താവിന്റെ വരുമാനം എത്രയെന്നറിയാന്‍ വിവരാവകാശ നിയമ പ്രകാരം ഭാര്യയ്ക്ക് അവകാശമുണ്ടെന്ന് സെന്‍ട്രല്‍ ഇന്‍ഫര്‍മേഷന്‍ കമ്മിഷന്‍. കമ്മിഷന്‍ ഈ മാസം പുറപ്പെടുവിച്ച ഉത്തരവിലാണ് ഇത് വ്യക്തമാക്കിയത്. 2018 നവംബര്‍ 28ന് റഹ്മത് ബാനോ എന്ന സ്ത്രീയാണ് 2017-18ലെ ഭര്‍ത്താവിന്റെ ഇന്‍കം ടാക്‌സ് റിട്ടേണ്‍ വിവരങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് സെന്‍ട്രല്‍ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് ആര്‍ടിഐ അപേക്ഷ നല്‍കിയത്.

സിപിഐഒ ഈ വിവരം നല്‍കാഞ്ഞതിനെ തുടര്‍ന്ന് അവര്‍ ആദ്യം അപ്പീല്‍ നല്‍കി. ഇതും ഫലം ചെയ്യാത്തതിനെ തുടര്‍ന്നാണ് ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മിഷണര്‍ക്ക് രണ്ടാമത്തെ അപ്പീല്‍ നല്‍കിയത്.
അപേക്ഷകയായ സ്ത്രീ ആവശ്യപ്പെട്ടത് ഒരാളുടെ വ്യക്തിപരമായ വിവരങ്ങളാണെന്നും ആര്‍ടിഐ നിയമപ്രകാരം ഈ വിവരങ്ങള്‍ അത് മൂന്നാം കക്ഷിക്ക് കൈമാറാനാകില്ലെന്നും ആയിരുന്നു സിപിഐഒ അപ്പീലില്‍ സ്വീകരിച്ച നിലപാട്. മാത്രമല്ല ഈ വിവരം കൈമാറുന്നതിനെ ഇവരുടെ ഭര്‍ത്താവ് എതിര്‍ത്തെന്നും സിപിഐഒ ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ രാംജി ലാല്‍ മീണ വ്യക്തമാക്കി.

സമാനമായ കേസുകളുടെ വിവരങ്ങളും വാദത്തിനിടെ ഉയര്‍ന്നു. കേസില്‍ വാദം കേട്ട സിഐസി, ഭാര്യക്ക് ഭര്‍ത്താവിന്റെ വരുമാനം സംബന്ധിച്ച വിവരങ്ങള്‍ അറിയാന്‍ അവകാശമുണ്ടെന്ന് ഇന്‍ഫര്‍മേഷന്‍ കമ്മിഷ്ണര്‍ നീരജ് കുമാര്‍ ഗുപ്ത ഉത്തരവായി. ഹര്‍ജിക്കാരി ആവശ്യപ്പെട്ട വിവരങ്ങള്‍ ഉത്തരവു കിട്ടി 15 പ്രവൃത്തി ദിവസത്തിനുള്ളില്‍ അവര്‍ക്ക് ലഭ്യമാക്കണമെന്നും ഉത്തരവില്‍ പറയുന്നു.