യുവ ബാറ്റ്സ്മാൻ ശ്രേയാസ് അയ്യർക്ക് ഇന്ത്യൻ ടീമിനെ നയിക്കാനുള്ള കഴിവുണ്ടെന്ന് ഓസീസ് വിക്കറ്റ് കീപ്പർ അലക്സ് കാരി. ടീമിലെ എല്ലാവരുമായും ശ്രേയാസിന് ബന്ധം സ്ഥാപിക്കാൻ കഴിയുമെന്നും മികച്ച ഒരു ക്യാപ്റ്റനാണ് ശ്രേയാസ് എന്നും കാരി പറഞ്ഞു. ഐപിഎലിൽ ഡൽഹി ക്യാപിറ്റൽസിൻ്റെ ക്യാപ്റ്റനായിരുന്ന അയ്യർക്കു കീഴിൽ കാരി കളിച്ചിരുന്നു.

“ഒരിക്കൽ ഇന്ത്യൻ ടീമിനെ നയിക്കാനുള്ള കഴിവ് അയ്യർക്കുണ്ടെന്നത് സംശയമില്ലാത്ത കാര്യമാണ്. ഭാവിയിൽ ശ്രേയാസ് ഒരു ഗംഭീര നായകനാവുമെന്നാണ് എനിക്ക് തോന്നുന്നത്. കൂട്ടത്തിലെ എല്ലാവരുമായും ബന്ധം സ്ഥാപിക്കാൻ കഴിയുക എന്നത് ശ്രേയാസിൻ്റെ പ്രത്യേകതയാണ്. അദ്ദേഹം ടീമിനെപ്പറ്റിയാണ് എപ്പോഴും ചിന്തിക്കുക. കഴിഞ്ഞ ഏതാനും സീസണുകളിലായി ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ എന്ന നിലയിൽ മികച്ച പ്രകടനമാണ് ശ്രേയാസ് കാഴ്ച വെക്കുന്നത്. അദ്ദേഹം ഇപ്പോഴും ചെറുപ്പമാണ്, കാര്യങ്ങൾ പഠിക്കുകയാണ്. ഒരു മികച്ച ബാറ്റ്സ്മാനും മികച്ച ഒരു മനുഷ്യനുമാണ് ശ്രേയാസ്.”- കാരി പറഞ്ഞുതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

ഐപിഎലിൻ്റെ ആദ്യ പകുതിയിൽ നന്നായി കളിച്ച ഡൽഹിക്ക് രണ്ടാം പകുതിയിൽ താളം നഷ്ടപ്പെടുകയായിരുന്നു. ഒടുവിൽ പ്ലേ ഓഫിൽ കയറിക്കൂടിയ ഡൽഹി ഫൈനലിൽ എത്തിയെങ്കിലും മുംബൈക്കെതിരെ ദയനീയമായി പരാജയപ്പെട്ടു.