ഐ ലീഗില്‍ നാലാം അങ്കത്തിന് ഒരുങ്ങി ഗോകുലം കേരള എഫ്.സി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കോഴിക്കോട് സ്റ്റേഡിയത്തില്‍ പരിശീലനം ആരംഭിച്ചു. ഇക്കുറി ഐ ലീഗില്‍ കപ്പ് ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ടീം ഉടമ ഗോകുലം ഗോപാലന്‍ ട്വന്റിഫോറിനോട് പറഞ്ഞു. നാലുവര്‍ഷം കൊണ്ട് മികച്ച നേട്ടങ്ങളാണ് ഗോകുലം എഫ്.സി നേടിയത്. ആത്മാര്‍ത്ഥതയുള്ള കളിക്കാരും നേതൃത്വവുമാണ് ക്ലബിന്റെ വിജയ രഹസ്യം. കേരളത്തിലെ പുതിയ തലമുറയ്ക്ക് ഫുട്‌ബോള്‍ ആവേശം പകരുന്നതിനോടൊപ്പം എല്ലാവര്‍ക്കും പരിശീലനം നല്‍കുന്ന കേന്ദ്രമായി മാറുകയാണ് ലക്ഷ്യമെന്നും ഗോകുലം ടീം ഉടമ ഗോകുലം ഗോപാലന്‍ പറഞ്ഞു.

മുന്‍ ഇന്ത്യന്‍ താരവും എസ്.ബി.ടി. പരിശീലകനുമായിരുന്ന എന്‍.എം നജീബിനെ ഗോകുലം റിസര്‍വ് ഫുട്‌ബോള്‍ ടീമിന്റെ വരുന്ന സീസണിലെ പരിശീലകനായി കഴിഞ്ഞ ദിവസം നിയമിച്ചിരുന്നു. എസ്.ബി.ടി ടീമിന് ദേശീയതലത്തില്‍ മേല്‍വിലാസമുണ്ടാക്കിയ പരിശീലകനാണ് നജീബ്. നജീബിന്റെ പരിശീലനത്തില്‍ 42 കിരീടങ്ങളാണ് ടീം നേടിയത്. 12 താരങ്ങള്‍ ദേശീയ ടീമിലുമെത്തി. 15 വര്‍ഷമാണ് ടീമിനെ പരിശീലിപ്പിച്ചത്. എസ്.ബി.ടിക്കു ശേഷം മലബാര്‍ യുണൈറ്റഡിനെയും പരിശീലിപ്പിച്ചിട്ടുണ്ട്. ഈസ്റ്റ് ബംഗാള്‍, ടൈറ്റാനിയം, മുഹമ്മദന്‍സ് ക്ലബ്ബുകളില്‍ കളിച്ചിട്ടുള്ള നജീബ് സന്തോഷ് ട്രോഫിയില്‍ കേരളത്തിനായി ആറുതവണ ബൂട്ടണിഞ്ഞ താരമാണ്.