യുഎസിലെ പൊതുതിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാനുള്ള അവസാന ദിവസം നവംബർ 3 ആണ്. എന്നാൽ ബാലറ്റുകൾ ഈ ദിവസത്തിനുശേഷം ദിവസങ്ങളോ ആഴ്ചകളോ കഴിഞ്ഞേ ചില സംസ്ഥാനങ്ങളിൽ എണ്ണി തിട്ടപ്പെടുത്തുകയുള്ളൂ. മെയിൽ ഇൻ വോട്ടുകൾ പൂർവാധികം വർധിച്ചതും, മഹാമാരിയും, നടപടികൾ ചോദ്യം ചെയ്തു കോടതികളിൽ നിലനില്ക്കുന്നതും, ഫലം അറിയുന്നത് വൈകിച്ചേക്കും.

മെയിൽ ഇൻ ബാലറ്റുകൾ സ്വീകരിക്കുന്നതിന്റെ അവസാന തീയതി ചോദ്യം ചെയ്താണ് ചില കേസുകൾ ഫയൽ ചെയ്തിരിക്കുന്നത്. ആബ്‌സെന്റീ ബാലറ്റുകൾ തിരസ്കരിക്കപ്പെടുന്നതും ചില കേസുകളിൽ ചോദ്യം ചെയ്തിട്ടുണ്ട്. എന്നാൽ ലോ ആന്റ് പോളിസി ഇൻസ്റ്റിട്യൂട്ട് പ്രസിഡന്റ് മൈക്കേൽ വാൽഡ്‍‍മാൻ പറയുന്നത് വളരെ ചെറിയ ശതമാനം ആബ്‍സെന്റീ വോട്ടുകളേ നിരാകരിക്കപ്പെടുകയുള്ളു എന്നാണ്. 2016 ൽ 1% ൽ താഴെ ആബ്‍സെന്റീ വോട്ടുകളേ തിരസ്കരിക്കപ്പെട്ടുള്ളു എന്നും ചൂണ്ടിക്കാട്ടി.

മിക്ക സംസ്ഥാനങ്ങളിലും വോട്ടർമാർക്ക് തങ്ങളുടെ ആബ്‍സെന്റീ വോട്ടുകൾ ഓൺലൈനിൽ ട്രാക്ക് ചെയ്യാൻ കഴിയുമെന്ന് ഇലക്ഷൻ അസിസ്റ്റൻസ് കമ്മീഷൻ പറയുന്നു. എല്ലാ 50 സംസ്ഥാനങ്ങളിലും വോട്ടിംഗ് ആരംഭിച്ചിട്ടുണ്ട്. ആബ്‍സെന്റീ വോട്ടുകൾ നവംബർ 3ന് മുൻപു തന്നെ പ്രോസസ്സിംഗ് ആരംഭിക്കാ കഴിയും. മഹാമാരിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനങ്ങൾ നിയമങ്ങൾ പരിഷ്കരിച്ച് മുൻകൂർ പ്രോസസിങ് നടത്താൻ ആരംഭിക്കുവാൻ അനുവദിച്ചിട്ടുണ്ട്. മിഷിഗണിൽ തിരഞ്ഞെടുപ്പു ദിവസത്തിന് ഒരു ദിവസം മുൻപ് 25,000 ൽ അധികം ജനസംഖ്യയുള്ള നഗരങ്ങളിൽ ബാലറ്റുകളുടെ പ്രോസസ്സിംഗ് ആരംഭിക്കാം. എന്നാൽ മറ്റു ചില സംസ്ഥാനങ്ങളിൽ നിയമങ്ങൾക്ക് മാറ്റമില്ല. യഥാർഥ കൗണ്ടിംഗ് ഈ സംസ്ഥാനങ്ങളിൽ വോട്ടിംഗ് സമയം ആരംഭിക്കുമ്പോഴോ പോളിംഗ് സമയം തീർന്നതിന് ശേഷമോ മാത്രമേ ആരംഭിക്കുകയുള്ളൂ.

പെൻസിൽവേനിയ ഇലക്ഷൻ ദിവസം രാവിലെ 7 മണിക്ക് കൗണ്ടിംഗ് ആരംഭിക്കുവാൻ നിയമം പാസ്സാക്കിയത് ഇക്കഴിഞ്ഞ വേനല്ക്കാലത്താണ്. ഫ്ലോറിഡയിൽ മെയിൽ ഇൻബാലറ്റുകൾ തിരഞ്ഞെടുപ്പിന് 22 ദിവസം മുൻപ് കൗണ്ടിംഗ് ആരംഭിക്കാം. നവംബർ 3ന് രാത്രി 7 മണിക്കുശേഷം ഇവിടെ വോട്ടുകൾ ടാബുലേറ്റ് ചെയ്യുവാൻ അധികാരികൾ തീരുമാനിച്ചിരിക്കുകയാണ്.

മെയിൽ ഇൻ ബാലറ്റുകൾ എണ്ണുവാൻ അധിക സമയം ആവശ്യമായതിനാൽ ഇല്കഷൻ നൈറ്റ് ഇലക്ഷൻ വീക്ക് പോലെ അനുഭവപ്പെടുമെന്ന് നിരീക്ഷകർ പറയുന്നു. വാൽഡ്മാൻ വോട്ടർമാർ കൂടുതൽ സഹനശക്തി കാണിക്കണമെന്ന് അഭിപ്രായപ്പെട്ടു. നാഷണൽ കോൺഫറൻസ് ഓഫ് സ്റ്റേറ്റ് ലെജിസ്ലേച്ചേഴ്സ് ഇതു സംബന്ധിച്ച് ഓരോ സംസ്ഥാനത്തിനും ബാധകമായ മാർഗരേഖകൾ പുറപ്പെടുവിച്ചിട്ടുണ്ട്. അതത് സംസ്ഥാനത്തെ വോട്ടർമാർ സ്റ്റേറ്റ് ഇലക്ഷൻ ബോർഡിൽ നിന്ന് വിശദാംശങ്ങൾ മനസിലാക്കണമെന്ന് അറിയിച്ചിട്ടുണ്ട്.

ആബ്സെന്റീ/ മെയിൽ ഇൻ ബാലറ്റുകൾ നവംബർ മൂന്നോ അതിന് മുമ്പോ പോസ്റ്റ് മാർക്ക് ചെയ്തിരിക്കണം. വാഷിംഗ്ടൺ സംസ്ഥാനത്ത് ഈ തീയതിക്കുള്ളിൽ മെയിൽ ചെയ്ത ബാലറ്റ് നവംബർ 23ന് മുൻപ് ലഭിച്ചിരുന്നാൽ മതി. കെന്റക്കി, മാസച്യൂസറ്റ്സ്, മിസ്സിസ്സിപ്പി, മിനിസോട്ട, ന്യൂജേഴ്സി, പെൻസിൽവേനിയ സംസ്ഥാനങ്ങളിൽ നവംബർ 6 നുള്ളിൽ ലഭിക്കുന്ന ബാലറ്റുകൾ സ്വീകരിക്കും. ഈ അവസാന തീയതി ഒരു കോടതിയിൽ ചോദ്യം ചെയ്തിട്ടുണ്ട്.

നോർത്ത് കരോലിനയിൽ കോർട്ട് ഓഫ് അപ്പീൽസ് നവംബർ 3 പോസ്റ്റ് മാർക്ക് ചെയ്ത ബാലറ്റ് നവംബർ 12 വരെ സ്വീകാര്യമാണെന്ന് വിധിച്ചു.

ബാലറ്റുകൾ ശേഖരിച്ചതിനുശേഷം അവ എണ്ണിതിട്ടപ്പെടുത്തുകയും അവ നിയമപ്രകാരം നടത്തിയ സമ്മിതിദാനമാണെന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു. ഈ പ്രക്രിയയ്ക്കു കാൻവാസിംഗ് ആന്റ് സർട്ടിഫിക്കേഷൻ എന്ന് പറയുന്നു. ഓരോ സംസ്ഥാനവും ഇതിന് തീയതി നിശ്ചയിച്ചിട്ടുണ്ട്. ബാലറ്റ് പീഡിയ അനുസരിച്ച് 6 സംസ്ഥാനങ്ങൾ പൊതുതിരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളിലും 26 സംസ്ഥാനങ്ങളും വാഷിംഗ്ടൺ ഡിസിയും നവംബർ 10നും 30 നും ഇടയിലും, 14 സംസ്ഥാനങ്ങൾ‍ ഡിസംബറിലും ഇലക്ഷൻ സർട്ടിഫൈ ചെയ്തിരിക്കണം. 4 സംസ്ഥാനങ്ങൾക്ക് ഡെഡ്‌ലൈൻ നിശ്ചയിച്ചിട്ടില്ല. നിർണായക പോരാട്ടങ്ങൾ നടക്കുന്ന പെൻസിൽവാനിയ – നവംബർ 11, നെവാഡ, വിസ്‍കോൺസിൽ– ഡിസംബർ–1 , ടെക്സസ്– ഡിസംബർ 3 എന്നിങ്ങനെയാണ് മറ്റ് തീയതികൾ.

ചോദ്യം ചെയ്യപ്പെടുന്ന തിരഞ്ഞെടുപ്പ് ഫലങ്ങൾ തീരുമാനിക്കുവാനുള്ള അവസാന തീയതി ഡിസംബർ 8ന് ആണ്. ഇതുവരെയുള്ള സമയം അറിയപ്പെടുന്നത് സെയ്‍ഫ് ഹാർബർ ഡെഡ്‌ലൈൻ എന്നാണ്. എല്ലാ സംസ്ഥാനങ്ങളി ലെയും ഇലക്ടൊറൽ കോളജ് ഡിസംബർ 14ന് യുഎസ് പ്രസിഡന്റിന് വേണ്ടി വോട്ടു ചെയ്യുന്നു. പുതിയ പ്രസിഡന്റിനെ ഇങ്ങനെ തിരഞ്ഞെടുക്കുന്നു.