വാഷിങ്ടൻ ∙ അമേരിക്ക ഇന്നഭിമുഖീകരിക്കുന്ന അതിസങ്കീർണമായ വിഷയങ്ങളിൽ ദൈവീക ഇടപെടൽ അനിവാര്യമാണെന്നും അതിനായി ദൈവത്തോട് മുട്ടിപ്പായി പ്രാർഥിക്കണമെന്നും ഒക്ടോബർ 25 ഞായറാഴ്ച ക്രൈസ്തവ വിശ്വാസികൾ ഉപവാസത്തിനും പ്രാർത്ഥനക്കുമായി മാറ്റിവയ്ക്കണമെന്നും ബില്ലി ഗ്രഹാം ഇവാഞ്ചലിസ്റ്റിക് അസോസിയേഷൻ പ്രസിഡന്റും സിഇഒയുമായ ഫ്രാങ്ക്ളിൻ ഗ്രഹാം അഭ്യർഥിച്ചു.

മഹാമാരിയുടെ ദുരിതം അനുഭവിക്കുന്ന ബഹുഭൂരിപക്ഷ ജനവിഭാഗം , തിരഞ്ഞെടുപ്പിന്റെ അനിശ്ചിതത്വത്തിൽ അമേരിക്കയുടെ ഭാവി എന്തായിരിക്കും എന്ന് വേവലാതിപ്പെടുന്നവർ, വംശീയ ആക്രമണങ്ങൾ വർധിച്ചു വരുന്നതിൽ ആശങ്കാകുലരായ ന്യൂനപക്ഷം, ഇതിനു പരിഹാരം കണ്ടെത്തണമെങ്കിൽ അദൃശ്യനായ ദൈവത്തിന്റെ സാന്നിധ്യം ആവശ്യമാണ്.

ഒക്ടോബർ 25 ഞായറാഴ്ച വ്യക്തികളായി, കുടുംബങ്ങളായി, ദേവാലയങ്ങളായി പ്രാർഥനയിൽ പങ്കു ചേരണമെന്ന് ഫ്രാങ്ക്ളിൻ അഭ്യർഥിച്ചു. രാജ്യത്തിന്റെ ശോഭനഭാവി നോക്കികാണുന്നത് ഇന്നത്തെ യുവതലമുറയിലൂടെയാണ്. ഇന്ന് നിലവിലിരിക്കുന്ന സാഹചര്യങ്ങൾ മക്കളേയോ, കൊച്ചുമക്കളേയോ ദേശസ്നേഹത്തിൽ നിന്നും അകറ്റി കളയുന്നതിനുവദിച്ചുകൂടാ ഗ്രഹാം പറഞ്ഞു.

നവംബർ 3ന് നടക്കുന്ന അമേരിക്കൻ തിരഞ്ഞെടുപ്പിൽ രാജ്യത്തിന്റെ തുടർഭരണം നന്മയും ഭാവിയും ശോഭനമാക്കുമെന്ന് ഉറപ്പുള്ള കരങ്ങളിൽ എത്തിച്ചേരണം. കഴിഞ്ഞ മാസം ഫ്രാങ്ക്ളിൻ ആഹ്വാനം ചെയ്തതനുസരിച്ചു വാഷിങ്ടൻ ഡിസിയിൽ നടത്തിയ പ്രാർഥനയിൽ ആയിരക്കണക്കിനാളുകളാണു സമർപ്പണ ബോധത്തോടെ പങ്കെടുത്തത്.

എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്തുന്നതിന് ഏറ്റവും മൂർച്ചയേറിയ ആയുധം പ്രാർഥന മാത്രമാണെന്നും ഗ്രഹാം പറഞ്ഞു.