പാലത്തായി പീഡനക്കേസില്‍ അന്വേഷണ സംഘത്തെ മാറ്റാന്‍ ഹൈക്കോടതി ഉത്തരവ്. പുതിയ അന്വേഷണ സംഘത്തെ നിയമിക്കാനാണ് നിര്‍ദേശം. രണ്ടാഴ്ച സമയം കോടതി നല്‍കി. നിലവില്‍ കേസ് അന്വേഷിക്കുന്ന സംഘാംഗങ്ങള്‍ പുതിയ അന്വേഷണത്തിലുണ്ടാകരുത്.

അന്വേഷണ സംഘത്തെ മാറ്റുന്നതില്‍ എതിര്‍പ്പില്ലെന്ന് സര്‍ക്കാരും വ്യക്തമാക്കി. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ക്രൈംബ്രാഞ്ച് അന്വേഷണം പ്രതിയായ അധ്യാപകന് അനുകൂലമാണെന്ന് കാണിച്ചായിരുന്നു ഹര്‍ജി.

സര്‍ക്കാരും ഐജി ശ്രീജിത്തിനെ കേസില്‍ നിന്ന് മാറ്റുന്നതില്‍ എതിര്‍പ്പ് ഇല്ലെന്ന് കോടതിയില്‍ വ്യക്തമാക്കി. പുതിയ അന്വേഷണ സംഘത്തെ സ്വാഗതം ചെയ്യുന്നുവെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍.

ഇരയുടെ മൊഴിയുള്‍പ്പെടെയുള്ള രേഖകളില്‍ പ്രതിക്കനുകൂലമായി അന്വേഷണ ഉദ്യോഗസ്ഥര്‍ കൃത്രിമത്വം നടത്തിയെന്നാണ് ഹര്‍ജിയിലെ പ്രധാന ആരോപണം. അന്വേഷണത്തിന്റെ ആദ്യഘട്ടം മുതല്‍ പ്രതിക്കനുകൂലമായ സമീപനം സ്വീകരിക്കുകയും ഇരയെ സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തുവെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പോക്സോ നിയമപ്രകാരം ഇരയുടെ മൊഴി റെക്കോര്‍ഡ് ചെയ്തിട്ടില്ല, മെഡിക്കല്‍ പരിശോധനാഫലം റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയില്ല, വനിതാ ഐപിഎസ് ഓഫിസര്‍ മൊഴിയെടുത്തിട്ടില്ല തുടങ്ങിയ ആരോപണങ്ങളും ഹര്‍ജിയില്‍ ചേര്‍ത്തിരുന്നു.

ബിജെപി നേതാവും അധ്യാപകനുമായ പത്മരാജനാണ് കേസിലെ പ്രതി. പല തവണ കുട്ടിയെ ഇയാള്‍ സ്‌കൂളില്‍ വച്ച് പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. ഏപ്രിലിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വിചാരണ കോടതി പത്മരാജന് ജാമ്യം അനുവദിച്ചിരുന്നു