മോട്ടോർ വാഹന വകുപ്പിനെ തിരുത്തി സർക്കാർ. സെക്രട്ടേറിയറ്റ് ജീവനക്കാർ വരുന്ന വാഹനങ്ങൾക്ക് പിഴ ചുമത്തരുതെന്ന് നിർദേശം. ജീവനക്കാർ വാടകയ്ക്ക് എടുക്കുന്ന വാഹനങ്ങൾക്കും നിർദേശം ബാധകമാണ്. കഴിഞ്ഞ ദിവസം ജീവനക്കാർ വന്ന വാഹനങ്ങൾക്ക് പിഴ ചുമത്തിയെന്ന പരാതിയെ തുടർന്നാണ് നടപടി.

സമാന്തര സർവീസുകൾക്കെതിരെ ശക്തമായ നടപടിയെടുക്കാൻ നേരത്തെ ഗതാഗത വകുപ്പ് തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സമാന്തര സർവീസ് നടത്തുന്ന വാഹനങ്ങൾ പരിശോധിച്ചത്. ഇതിനിടെയാണ് ഒരു വാഹനം മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുക്കുന്നത്. തുടർന്ന് അതിലുണ്ടായിരുന്ന ജീവനക്കാരും മോട്ടോർ വാഹന വകുപ്പിലെ ജീവനക്കാരും തർക്കമായി. ഇതിന് പിന്നാലെ കണ്ടാൽ അറിയാവുന്ന രണ്ട് ജീവനക്കാർക്കെതിരെ കന്റോൺമെന്റ് പൊലീസ് കേസെടുത്തു.

ഈ ജിവനക്കാർ ചീഫ് സെക്രട്ടറിക്ക് നൽകിയ പരാതിയെ തുടർന്നാണ് ചീഫ് സെക്രട്ടറി ഇത്തരത്തിലൊരു ഉത്തരവ് പുറപ്പെടുവിച്ചത്. സെക്രട്ടേറിയറ്റ് ജീവനക്കാരുമായി വരുന്ന സമാന്തര വാഹനം ഒരുകാരണവശാലും തടയാനോ, കേസെടുക്കാനോ പാടില്ല. പിഴ ഈടാക്കാനും പാടില്ലെന്നും ഉത്തരവിൽ പറയുന്നു.