കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ ക്യാപ്റ്റനായി ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗനെ നിയമിച്ചു. തൻ്റെ ക്യാപ്റ്റൻ സ്ഥാനം ദിനേശ് കാർത്തിക് മോർഗനു കൈമാറുകയായിരുന്നു എന്നാണ് ഔദ്യോഗിക വിശദീകരണം. സീസണിൽ ബാറ്റ്സ്മാനെന്ന നിലയിൽ കാര്യമായ സംഭാവനകൾ ടീമിനു നൽകാൻ കഴിയാതിരുന്ന തനിക്ക് ബാറ്റിംഗിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കാനായി എടുത്ത തീരുമാനമാണെന്ന് കാർത്തിക് പറയുന്നു.

ഇതുവരെ കളിച്ച ഏഴ് മത്സരങ്ങളിൽ നിന്ന് ഒരു ഫിഫ്റ്റി അടക്കം 108 റൺസാണ് കാർത്തികിൻ്റെ സമ്പാദ്യം. ബാറ്റിംഗ് ഓർഡറിൽ തുടർച്ചയായി മാറ്റം വരുത്തുന്നത് പലപ്പോഴും വിമർശനങ്ങൾക്കിടയാക്കിയിരുന്നു. 2018ൽ ഗൗതം ഗംഭീർ ടീമിൽ നിന്ന് പുറത്തായതിനു പിന്നാലെ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത കാർത്തിക് ആ സീസണിൽ കൊൽക്കത്തയെ പ്ലേ ഓഫിൽ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ സീസണിൽ ടീം അഞ്ചാമതായാണ് ടീം ഫിനിഷ് ചെയ്തത്. ഈ സീസണിൽ 7 മത്സരങ്ങളിൽ നിന്ന് 8 പോയിൻ്റുമായി ടേബിളിൽ നാലാം സ്ഥാനത്താണ്.

ഇന്ന് മുംബൈ ഇന്ത്യൻസിനെതിരെയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ എട്ടാമത്തെ മത്സരം. കൊൽക്കത്ത നായകനായുള്ള മോർഗൻ്റെ ആദ്യ മത്സരമാവും ഇത്.