ഫീനിക്സ് ∙ സ്ഥാപകന്‍ സ്വാമി സത്യാനന്ദ സരസ്വതിയുടെ പിറന്നാള്‍ ദിനത്തില്‍ കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ കണ്‍വെന്‍ഷന്‍ രജിസ്‌ട്രേഷന്‍ ശുഭാരംഭം. കേന്ദ്ര വിദേശകാര്യ -പാര്‍ലമെന്ററി കാര്യ സഹമന്ത്രി വി .മുരളീധരന്‍ ഭദ്രദീപം കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു.

കെഎച്ച് എന്‍എ പ്രവര്‍ത്തനം പ്രശംസനീയവും മാതൃകാപരവുമാണന്ന് മുരളീധരന്‍ പറഞ്ഞു. കേരളത്തിലും, ഭാരതത്തിലും അമേരിക്കയിലും ഹൈന്ദവര്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചു ചര്‍ച്ച ചെയ്യുവാനും അനീതികള്‍ക്കെതിരെ ശബ്ദമുയര്‍ത്തുവാനും നിശ്ചയദാര്‍ഢ്യത്തോടുകൂടി കെഎച്ച് എന്‍എ മുന്നോട്ടു വന്ന പല അവസരങ്ങളും കണ്ടു. ഹൈന്ദവ ആചാരങ്ങളുടെയും അനുഷ്ടാനങ്ങളുടെയും, മൂല്യങ്ങളുടെയും സംരക്ഷണത്തിനായി രംഗത്തുവന്ന ഡോ സതീഷ് അമ്പാടിയുടെ നേതൃത്വത്തിലുള്ള കെഎച്ച് എന്‍എ ഭരണസമിതിയെ അനുമോദിക്കുന്നതായും മുരളീധരന്‍ പറഞ്ഞു.

സനാതനധര്‍മ്മത്തിന്റെ പ്രചാരണാര്‍ത്ഥം നടത്തിവരുന്ന ബഹുവിധപരിപാടികളുടെ സമാപനം കുറിക്കുന്ന ഹൈന്ദവകുടുംബാംഗങ്ങളുടെ ഒത്തുചേരലായ ഗ്ലോബല്‍ ഹിന്ദുസംഗമം മന്വന്തരങ്ങളുടെ മഹിമയുള്ള ഹിന്ദു ജീവിതരീതിനേരിട്ട് അനുഭവവേദ്യമാക്കുന്ന കൂടിച്ചേരലാണ്.

വ്യത്യസ്തമായ കുടിച്ചേരലില്‍ എല്ലാ ഹൈന്ദവകുടുംബാംഗങ്ങളും സര്‍വാത്മനാ പങ്കെടുക്കണമെന്നു മുരളീധരന്‍ അഭ്യർഥിച്ചു

രജിസ്‌ട്രേഷന്‍ വേദിയില്‍ത്തന്നെ സ്വാമി സത്യാനന്ദ സ്വാമിജിയുടെ പിറന്നാളും ആഘോഷിക്കാനായത് ഈശ്വരാനുഗ്രഹമാണെന്ന് വിശിഷ്ടാതിഥികളെ സ്വാഗതം ചെയ്തുകൊണ്ട് പ്രസിഡന്റ് സതീഷ് അമ്പാടി പറഞ്ഞു. എല്ലാ ഹൈന്ദവ സംഘടനകളേയും ഒരേ കുടക്കീഴില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഡോ സതീഷ് അമ്പാടി എടുത്തുകാട്ടി പ്രേരകവും പ്രയോജനകരവുമായ പ്രഭാഷങ്ങളും വിശിഷ്ട സാംസ്‌ക്കാരിക പരിപാടികളും സമന്വയിച്ച പരിപാടിയോടെയുള്ള റജിസ്‌ട്രേഷന്‍ ശുഭാരംഭം ഉജ്വലമായി .

മലയാള സാഹിത്യത്തിലെ തലയെടുപ്പുള്ള സാഹിത്യകാരന്‍ സി .രാധാകൃഷ്ണനെ ചടങ്ങില്‍ ആദരിച്ചു. കേന്ദ്രമന്ത്രി വി. മുരളീധരന്‍ പ്രശസ്തിപത്രം സമ്മാനിച്ചു. കലാമണ്ഡലം മോഹനകൃഷ്ണന്‍ അവതരിപ്പിച്ച കഥകളിയും കലാമണ്ഡലം പ്രഷീജാ ഗോപിനാഥ് അവതരിപ്പിച്ച മോഹിനിയാട്ടവും ചടങ്ങിന് സാസ്‌ക്കാരിക ശോഭയേകി.

ആദ്യദിനംതന്നെ നൂറിലധികം ഹിന്ദു കുടുംബങ്ങള്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കാനായി രജിസ്റ്റര്‍ ചെയ്തു. പതിനൊന്നാമത് ദ്വൈവര്‍ഷ കണ്‍വെന്‍ഷന്‍ അടുത്ത വര്‍ഷമാണ്. രജിസ്‌ട്രേഷന് അമേരിക്കയിലെ ഹിന്ദു കുടുംബങ്ങളില്‍നിന്നും ആവേശകരമായ പങ്കാളിത്തവും പ്രതികരണവുമാണ് ലഭിക്കുന്നതെന്ന് രജിസ്‌ട്രേഷന്‍ ചെയര്‍മാന്‍ മനു നായര്‍ പറഞ്ഞു. രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കാനുള്ള അവസരം ഉറപ്പാക്കുന്നതിനായി മനു നായര്‍ (രജിസ്‌ട്രേഷന്‍ ചെയര്‍: +1 (480) 300 -9189 ), സുജാതാ കുമാര്‍ (കോ -ചെയര്‍: +1 (623 ) 606 -5039 ) എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം. കണ്‍വെന്‍ഷന്‍ വെബ്‌സൈറ്റായ www.namaha.org ലും പേര് വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്തും പങ്കാളിത്തം ഉറപ്പാക്കാം.