കൊച്ചി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ എന്‍ഫോഴ്സ്‌മെന്റ് ചോദ്യം ചെയ്യുന്നത് തുടരുന്നു. ഇത് മൂന്നാം തവണയാണ് എന്‍ഫോഴ്സ്‌മെന്റ് ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. അറസ്റ്റ് തടഞ്ഞുകൊണ്ടുളള കോടതിവിധി വന്നതിന് തൊട്ടുപിന്നാലെയാണ് ശിവശങ്കര്‍ ചോദ്യംചെയ്യലിനായി എന്‍ഫോഴ്സ്‌മെന്റ് ഓഫീസില്‍ ഹാജരായത്.

സ്വര്‍ണക്കടത്തുകേസിലെ പ്രധാന പ്രതികളിലൊരാളായ സ്വപ്ന സുരേഷിനോടൊപ്പം നടത്തിയ വിദേശയാത്രകളെക്കുറിച്ചുളള വ്യക്തമായ വിവരങ്ങള്‍ ലഭിക്കുന്നതിന് വേണ്ടിയാണ് ചോദ്യം ചെയ്യുന്നത്. അമേരിക്കന്‍ ഡോളര്‍ വിദേശത്തേക്ക് കടത്തിയെന്ന് നേരത്തേ സ്വപ്ന സുരേഷ് മൊഴിനല്‍കിയിരുന്നു. ഇതിനെക്കുറിച്ചുളള കൂടുതല്‍ വിവരങ്ങളും ശിവശങ്കറില്‍ നിന്ന് ലഭിക്കേണ്ടതുണ്ട്. ഡോളര്‍ കടത്താന്‍ നയതന്ത്ര പദ്ധതി ദുരുപയോഗം ചെയ്തതായി എന്‍ഫോഴ്‌സ്‌മെന്റ് നേടത്തേ കണ്ടെത്തിയിരുന്നു. ഇക്കാര്യത്തില്‍ ശിവശങ്കറിന് പങ്കുണ്ടോ എന്നും എന്‍ഫോഴ്സ്‌മെന്റ് പരിശോധിക്കുന്നുണ്ട്.

ഇന്ന് രാവിലെയാണ് ശിവശങ്കറിന്റെ അറസ്റ്റ് ഈ മാസം 23 വരെ ഹൈക്കോടതി തടഞ്ഞത്. അതേസമയം അറസ്റ്റ് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നായിരുന്നു എന്‍ഫോഴ്‌സ്‌മെന്റ് കോടതിയെ അറിയിച്ചത്. വിശദമായ മറുപടി നല്‍കാന്‍ സമയം വേണമെന്നായിരുന്നു ശിവശങ്കറിന്റെ ആവശ്യം. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.

വീണ്ടും ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് നോട്ടീസ് നല്‍കിയതിന് പിന്നാലെ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ശിവശങ്കര്‍ ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ, സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് വിവിധ കേന്ദ്ര ഏജന്‍സികള്‍ ശിവശങ്കറിനെ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. ഇന്ന് ചോദ്യം ചെയ്യലിന് എന്‍ഫോഴ്‌സ്‌മെന്റിന് മുന്നില്‍ ഹാജരാകുമെന്നും ശിവശങ്കര്‍ കോടതിയെ അറിയിച്ചിരുന്നു.