ലണ്ടൻ ∙ മലങ്കര സഭ സ്വത്തിനല്ല സ്വത്വബോധത്തിനാണ് അജിവ പ്രാധാന്യം നൽകുന്നതെന്ന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ യുകെ–യൂറോപ്പ് & ആഫ്രിക്ക ഭദ്രാസനാധിപൻ ഡോ. മാത്യൂസ് മാർ തിമോത്തിയോസ് പറഞ്ഞു. സൂം വഴിയായി നടന്ന കാതോലിക്കേറ്റ് സ്ഥാപന വാർഷികാഘോഷത്തിന്റെ യുകെ– യൂറോപ്പ് & ആഫ്രിക്ക ഭദ്രാസനതലാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തിരുമേനി.

AD-52- ൽ വി. മാർത്തോമാ ശ്ലീഹായാൽ സ്ഥാപിതമായ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ സ്വാതന്ത്ര്യത്തിന്റെയും 1653 ലെ ചരിത്രപ്രസിദ്ധമായ കൂനൻകുരിശ് സത്യത്തിലൂടെ വിദേശ മേൽക്കോയ്മയെ ഉപേക്ഷിച്ച മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ സ്വാതന്ത്ര്യത്തിന്റെ പ്രതികമാണ് കാതോലിക്കേറ്റ് സ്ഥാപനമെന്നും തിരുമേനി പറഞ്ഞു.

ഓർത്തഡോക്സ് സൺഡേ സ്കൂൾ അസോസിയേഷൻ ഡയറക്ടർ, റവ. ഫാ. ഡോ. വർഗീസ് വർഗീസ് മീനടം മുഖ്യപ്രഭാഷണം നടത്തി. ഭദ്രാസന സെക്രട്ടറി റവ. ഫാ. ഹാപ്പി ജേക്കബ് സ്വാഗതവും വൈദിക സംഘം സെക്രട്ടറി റവ. ഫാ. വർഗീസ് മാത്യു നന്ദി അർപ്പിക്കുകയും റവ. ഫാ. റോബിൻ വർഗീസ് പരിശുദ്ധ സഭയ്ക്ക് വേണ്ടിയുള്ള പ്രത്യേക പ്രാർഥന ചൊല്ലുകയും, ഭദ്രാസന കൗൺസിൽ അംഗം സോജി ടി. മാത്യു ഭക്തിപ്രമേയം അവതരിപ്പിക്കുകയും ചെയ്തുകൊണ്ട് നടന്ന ആഘോഷ പരിപാടിക്ക് മാനേജിങ് കമ്മിറ്റി അംഗങ്ങൾ, ഭദ്രാസന കൗൺസിൽ അംഗങ്ങൾ, ആധ്യാത്മിക സംഘടനാ ഭാരവാഹികൾ, വൈദികശ്രേഷ്ഠർ, ഭദ്രാസനത്തിലെ വിവിധ ഇടവകജനങ്ങൾ, ഭദ്രാസന മലങ്കര അസോസിയേഷൻ പ്രതിനിധികൾ എന്നിവർ പങ്കെടുത്ത് നേതൃത്വം നൽകി.