ഇംഗ്ലണ്ടില്‍ ഇന്ന് നിര്‍ണായക പോരാട്ടമാണ്. വെംബ്ലിയില്‍ വെച്ച്‌ നടക്കുന്ന എഫ് എ കപ്പ് ഫൈനലില്‍ ആഴ്സണലും ചെല്‍സിയുമാണ് നേര്‍ക്കുനേര്‍ വരുന്നത്. എഫ് എ കപ്പില്‍ എന്നും മികച്ച റെക്കോര്‍ഡുകള്‍ കാത്തു സൂക്ഷിക്കുന്ന ആഴ്സണലിന് ഇന്നത്തെ ഫൈനല്‍ അതി നിര്‍ണായകമാണ്. ഈ സീസണ്‍ പ്രീമിയര്‍ ലീഗില്‍ എട്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യേണ്ടി വന്ന ആഴ്സണലിന് ഒരു കിരീടം എങ്കിലും നേടിയാല്‍ മാത്രമെ സീസണില്‍ ആശ്വസിക്കാന്‍ ഉള്ള വക ലഭിക്കുകയുള്ളൂ.

മാത്രമല്ല യൂറോപ്പ ലീഗ് യോഗ്യത ലഭിക്കണം എങ്കിലും അവര്‍ക്ക് ഇന്ന് കിരീടം നേടേണ്ടതുണ്ട്. അര്‍ട്ടേറ്റയ്ക്ക് കീഴില്‍ വലിയ പുരോഗമനം തന്നെ ആഴ്സണല്‍ അവസാന മാസങ്ങളില്‍ സ്വന്തമാക്കിയിട്ടുണ്ട്. അതിന് അടിവര ഇടാന്‍ കിരീടം സഹായിക്കും. ചെല്‍സിക്ക് ഈ സീസണ്‍ ഇതിനകം തന്നെ മികച്ചതാണ്. ലമ്ബാര്‍ഡിന്റെ കീഴില്‍ മനോഹര ഫുട്ബോള്‍ കാഴ്ചവെച്ച ചെല്‍സി ചാമ്ബ്യന്‍സ് ലീഗ് യോഗ്യത ഇതിനകം തന്നെ ഉറപ്പിച്ചിട്ടുണ്ട്‌.

എങ്കിലും കിരീടത്തില്‍ കുറഞ്ഞതൊന്നും ചെല്‍സി ഇന്ന് ആഗ്രഹിക്കുന്നുണ്ടാകില്ല. ഗംഭീര ഫോമിലാണ് ലമ്ബാര്‍ഡിന്റെ ടീം ഉള്ളത്. സെമി ഫൈനലില്‍ മികച്ച ഫോമിലുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ പരാജയപ്പെടുത്തി ആണ് ചെല്‍സി ഫൈനലിലേക്ക് കടന്നത്. സിറ്റിയെ പരാജയപ്പെടുത്തിയാണ് ആഴ്സണല്‍ ഫൈനലില്‍ എത്തിയത്. ആഴ്സണല്‍ അവരുടെ 14ആം എഫ് എ കപ്പ് കിരീടമാകും ലക്ഷ്യമിടുന്നത്. ഏറ്റവും കൂടുതല്‍ എഫ് എ കപ്പ് നേടിയിട്ടുള്ള ക്ലബാണ് ആഴ്സണല്‍. ചെല്‍സി ഇന്ന് ജയിക്കുക ആണെങ്കില്‍ അത് അവരുടെ ഒമ്ബതാം കിരീടമാകും. രാത്രി 10 മണിക്ക് നടക്കുന്ന മത്സരം സോണി നെറ്റ്വര്‍ക്കില്‍ തത്സമയം കാണാം.