തിരുവനന്തപുരം: ഇന്ന് മുതല്‍ ദീര്‍ഘദൂരസര്‍വീസുകള്‍ തുടങ്ങാനുള്ള തീരുമാനം കെഎസ്‌ആര്‍ടിസി പിന്‍വലിച്ചു. കണ്ടെയിന്‍മെന്റ് സോണുകള്‍ കൂടിയ സാഹചര്യത്തില്‍ ആരോഗ്യവകുപ്പിന്റെ എതിര്‍പ്പിനെത്തുടര്‍ന്നാണ് തീരുമാനം. അതേസമയം, രോഗികളുടെ എണ്ണം കൂടിയാല്‍ ജില്ലകള്‍ക്കുള്ളിലെ സര്‍വീസുകളും നിര്‍ത്തേണ്ടി വരുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. കോവിഡ് അവലോകനയോഗത്തിന് ശേഷം മുഖ്യമന്ത്രിയും ഗതാഗതമന്ത്രിയും ബസ് സര്‍വീസ് നടത്തുന്നത് സംബന്ധിച്ച്‌ ചര്‍ച്ച നടത്തിയിരുന്നു. ഇപ്പോള്‍ ദീര്‍ഘദൂരസര്‍വീസുകള്‍ തുടങ്ങുന്നത് ഗുണകരമാകില്ലെന്നതായിരുന്നു ആരോഗ്യവകുപ്പിന്റെ നിലപാട്.

സമ്ബര്‍ക്ക രോഗികളുടെയും ഹോട്ട്‌സ്‌പോട്ടുകളുടെയും എണ്ണം കൂടുന്നത് ബസ് സര്‍വ്വീസ് തുടങ്ങുന്നതിന് തടസമാണെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ വ്യക്തമാക്കി. ”ആളുകള്‍ വീടുകളില്‍ തന്നെ കഴിയേണ്ടതുണ്ട്. പല ജില്ലകളിലും പലയിടങ്ങളും ഹോട്ട് സ്‌പോട്ടാണ്. കണ്ടെയിന്‍മെന്റ് സോണില്‍ ബസ് നിര്‍ത്താനാകില്ല. ഈ സാഹചര്യത്തില്‍ സര്‍വ്വീസ് നടത്തിയിട്ട് കാര്യമില്ല. മറ്റൊരറിയിപ്പുണ്ടാകുന്നത് വരെ കെഎസ്‌ആര്‍ടിസി ദീര്‍ഘ ദൂര സര്‍വ്വീസുകളുണ്ടാകില്ല. പ്രയാസമുണ്ടാകുന്നവര്‍ സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കണം”, മന്ത്രി പറഞ്ഞു.

ഇന്ന് മുതല്‍ 206 ദീര്‍ഘദൂരസര്‍വീസുകള്‍ തുടങ്ങുമെന്നായിരുന്നു നേരത്തെ മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചത്. സംസ്ഥാനത്തെ ഏറ്റവും നീണ്ട ദീര്‍ഘദൂരസര്‍വീസുകള്‍ തുടങ്ങുന്ന തിരുവനന്തപുരത്തെ തമ്ബാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്ന് ബസ് സര്‍വീസ് ഉണ്ടാകില്ലെന്നും പകരം ആനയറയില്‍ നിന്ന് സര്‍വീസുകള്‍ തുടങ്ങാമെന്നുമായിരുന്നു തീരുമാനം.