ഹൈദരാബാദ്: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ രാജ്യത്തെ പലരുടേയും ജീവിതത്തില്‍ ദുരിതമായി മാറിയിരുന്നു. എന്നാല്‍ ലോക്ക്ഡൗണ്‍ അനു​ഗ്രഹമായി മാറിയ ഒരാളുണ്ട്. എന്നാല്‍ ഹൈദരാബാദ് സ്വദേശിയായ മുഹമ്മദ് നൂറുദ്ദീന്‍ (51) എന്നയാള്‍ക്ക് ലോക്ക്ഡൗണ്‍ അതിരില്ലാത്ത ആഹ്ലാദമാണ് സമ്മാനിച്ചത്.

കഴിഞ്ഞ 33 വര്‍ഷമായി തുടര്‍ച്ചയായി പത്താം ക്ലാസ് പരീക്ഷ എഴുതുകയും പരാജയപ്പെടുകയും ചെയ്ത നൂറുദ്ദീന്‍ ഒടുവില്‍ വിജയം സ്വന്തമാക്കി. കോവിഡ് വ്യാപനവും ലോക്ഡൗണും കണക്കിലെടുത്ത് ഇത്തവണ പത്താം ക്ലാസ് പരീക്ഷ നടത്തേണ്ടതില്ലെന്നും പരീക്ഷാര്‍ഥികളെയെല്ലാം വിജയിപ്പിക്കാമെന്നും തെലങ്കാന സര്‍ക്കാര്‍ തീരുമാനിച്ചതാണ് നൂറുദീനെ തുണച്ചത്. പത്താം ക്ലാസ് പരീക്ഷ ജയിച്ചതില്‍ സന്തോഷമുണ്ടെങ്കിലും അല്‍പ്പംകൂടി നേരത്തെ ഇത് സാധിച്ചിരുന്നുവെങ്കില്‍ തന്റെ ജീവിതം കുറച്ചുകൂടി മെച്ചപ്പെട്ടേനെ എന്ന് നൂറുദ്ദീന്‍ പറയുന്നു.

1987 ലാണ് അദ്ദേഹം ആദ്യമായി പത്താം ക്ലാസ് പരീക്ഷ എഴുതുന്നത്. ഇംഗ്ലീഷ് ഒഴികെ എല്ലാ വിഷയങ്ങള്‍ക്കും വിജയിച്ചു. ഉറുദു മീഡിയത്തില്‍ പഠിച്ച തനിക്ക് ഇംഗ്ലീഷ് കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തിയതെന്ന് അദ്ദേഹം പറയുന്നു. ജയിക്കാന്‍ ആവശ്യമായ 35 മാര്‍ക്ക് ഇംഗ്ലീഷിന് മാത്രം നേടാന്‍ കഴിയാറില്ല. പലപ്പോഴും ഇംഗ്ലീഷിന് 32 ഉം 33 ഉം മാര്‍ക്കു വരെ നേടിയിട്ടുണ്ട്. അതിനാല്‍ തോറ്റു പിന്മാറാനും നൂറുദീന്‍ തയ്യാറായില്ല.

റെയില്‍വെ, പോലീസ് തുടങ്ങിയവയില്‍ ജോലി കിട്ടണമെങ്കില്‍ പത്താം ക്ലാസ് വിജയിച്ചിരിക്കണം എന്നതിനാലാണ് പിന്മാറാന്‍ തയ്യാറാകാതെ തുടര്‍ച്ചയായി പരീക്ഷ എഴുതിയത്. കഠിന പരിശ്രമം നടത്തിയെങ്കിലും ഇപ്പോള്‍ മാത്രമാണ് വിജയിക്കാന്‍ കഴിഞ്ഞതെന്ന് അദ്ദേഹം പറയുന്നു. താന്‍ പഠിച്ച സ്‌കൂളില്‍ തന്നെ സുരക്ഷാ ഗാര്‍ഡായി ജോലി ചെയ്യുകയാണ് 1990 മുതല്‍ നൂറുദീന്‍. 8000 രൂപയാണ് നിലവില്‍ ശമ്ബളം ലഭിക്കുന്നത്.

1994 ല്‍ വിവാഹിതനായ ശേഷം പത്താം പരീക്ഷ എഴുതല്‍ കൂടുതല്‍ ബുദ്ധിമുട്ടായെന്ന് അദ്ദേഹം പറയുന്നു. ആളുകള്‍ പരിഹസിക്കുന്നത് വര്‍ധിച്ചു. എന്നാല്‍ അതൊന്നും കാര്യമാക്കാതെ എല്ലാ വര്‍ഷവും പരീക്ഷ എഴുതുന്നത് തുടര്‍ന്നു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഉറുദു ലിറ്ററേച്ചര്‍ നടത്തുന്ന 12ാം ക്ലാസ് തുല്യതാ കോഴ്‌സ് 1994 ല്‍ വിജയിച്ചിരുന്നുവെന്ന് അദ്ദേഹം പറയുന്നു.

ഇത്തവണ ബി കോം വിദ്യാര്‍ഥിനിയായ മകളുടെ സഹായത്തോടെ നന്നായി ഇംഗ്ലീഷ് പഠിക്കുകയും പത്താം ക്ലാസ് പരീക്ഷയ്ക്കായി തയ്യാറെടുപ്പുകള്‍ നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ കോവിഡ് വ്യാപനം കാരണം പരീക്ഷ നടന്നില്ല. എല്ലാവരെയും ജയിപ്പിക്കാന്‍ തെലങ്കാന സര്‍ക്കാര്‍ തീരുമാനിച്ചു. പഠനം ഇനിയും തുടരാനാണ് നൂറുദീന്‍ ‌തീരുമാനിച്ചിരിക്കുന്നത്.