സാവോ പോളോ : ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബൊല്‍സൊനാരോയുടെ ഭാര്യ മിഷേല്‍ ബൊല്‍സൊനാരോയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ബ്രസീലിയന്‍ മന്ത്രിസഭയിലെ ഒരു മന്ത്രിയ്ക്കും കൊവിഡ് പോസിറ്റീവാണ്. പ്രസിഡന്‍ഷ്യല്‍ ഓഫീസാണ് മിഷേലിന് രോഗം സ്ഥിരീകരിച്ച വിവരം അറിയിച്ചത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്ബാണ് ജെയ്ര്‍ ബൊല്‍സൊനാരോ കൊവിഡ് മുക്തനായത്.

മിഷേലിന് മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഒന്നുമില്ലെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് സയന്‍സ് ആന്‍ഡ് ടെക്നോളജി മന്ത്രിയായ മാര്‍കോസ് പോന്റസ് താന്‍ കൊവിഡ് പോസിറ്റീവ് ആയ വിവരം അറിയിച്ചത്. ബൊല്‍സൊനാരോ മന്ത്രിസഭയില്‍ കൊവിഡ് ബാധിതനാകുന്ന അഞ്ചാമത്തെ മന്ത്രിയാണ് പോന്റസ്.

നിലവില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള രണ്ടാമത്തെ രാജ്യമായ ബ്രസീലില്‍ രോഗികളുടെ എണ്ണവും മരണനിരക്കും ദിനംപ്രതി കുത്തനെ ഉയരുകയാണ്. നിലവില്‍ 2,613,789 പേര്‍ക്കാണ് ബ്രസീലില്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 91,377 പേര്‍ മരിച്ചു.